മുത്തപ്പന്‍മടപ്പുരയില്‍ ഭണ്ഡാരം തകര്‍ത്ത് മോഷണം-

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷ്ടാക്കളുടെ തേര്‍വാഴ്ച്ച തുടരുന്നു.

കോരന്‍പീടിക മുത്തപ്പന്‍ മടപ്പുരയില്‍ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്ത് പണമെടുത്ത മോഷ്ടാവ് ശ്രീകോവിലിന് മുന്നില്‍ വെച്ച ഭണ്ഡാരം എടുത്തുകൊണ്ടുപോകുകയും ചെയ്തു.

ഇന്ന് രാവിലെ മടപ്പുര ഭാരവാഹികള്‍ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

ശ്രീകോവിലിന് മുന്നില്‍ ഇരുമ്പ് ചങ്ങലയിട്ട് പൂട്ടിയ ഭണ്ഡാരം ചങ്ങല തകര്‍ത്താണ് എടുത്തുകൊണ്ടുപോയത്.

ഏകദേശം 6000 രൂപയോളം മൂന്ന് ഭണ്ഡാരങ്ങളിലുമായി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

സംക്രമദിവസമാണ് സാധാരണ ഭണ്ഡാരം തുറക്കാറ് പതിവ്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ പരിയാരം പോലീസ് നൈറ്റ് പട്രോളിങ്ങിന്റെ ഭാഗമായി ക്ഷേത്രത്തിന് മുന്നിലൂടെ പോയപ്പോല്‍

ഗേറ്റ്തുറന്നു കിടക്കുന്നത് കണ്ട് പരിശോധന നടത്തിയിരുന്നുവെങ്കിലും മോഷണം നടന്ന വിവരം മനസിലായിരുന്നില്ല.

മടപ്പുര കമ്മറ്റി സെക്രട്ടെറി എന്‍.ജനാര്‍ദ്ദനന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ പരിയാരം പോലീസ് സ്‌റ്റേഷന് സമീപം മില്‍മബൂത്തിലും വെജ്‌കോ പച്ചക്കറി സ്റ്റാളിലും കവര്‍ച്ച നടന്നിരുന്നു.

മില്‍മബൂത്തില്‍ നിന്ന് 8000 രൂപയും 2 കിലോ ചായപ്പൊടിയും കവര്‍ന്ന മോഷ്ടാവ് പച്ചക്കറി സ്റ്റാളില്‍ നിന്ന് ചില്ലറ നാണയങ്ങളാണ് എടുത്തുകൊണ്ടുപോയത്.

പരിയാരത്തും പരിസരങ്ങളിലുമായി കഴിഞ്ഞ വര്‍ഷം നടന്ന 28 മോഷണക്കേസുകളില്‍ ഒന്നില്‍ പോലും പോലീസിന് പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇതിന്റെ പേരില്‍ രണ്ട് എസ്.ഐമാരെ സ്ഥലംമാറ്റിയിരുന്നു.