മോഷ്ടിക്കാനെത്തി കിണറ്റില്‍ വീണു, പോലീസെത്തി പൊക്കിയെടുത്ത് അകത്താക്കി–

പരിയാരം: ആളില്ലാത്തവീട്ടില്‍ മോഷണത്തിനെത്തിയ കള്ളന്‍ കിണറ്റില്‍വീണു, അഗ്നിശമനസേനയുടെ സഹായത്തോടെ കരക്ക് കയറ്റി പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തു.

തളിപ്പറമ്പ് മുയ്യത്തെ അമ്പിലോട്ട് പുതിയപുരയില്‍ മുഹമ്മദിന്റെ മകന്‍ എ.പി.ഷെമീര്‍(35) ആണ് പിടിയിലായത്, ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്.

സംഭവം ഇങ്ങനെ–എരമം-കുറ്റൂര്‍ പഞ്ചായത്തിലെ തുമ്പത്തടത്തെ കേളോത്ത് പവിത്രന്‍ മാസ്റ്ററുടെ വീട്ടിലാണ് രാത്രി പത്തോടെ മോഷ്ടാവ് എത്തിയത്. സ്‌കൂട്ടറില്‍ വന്ന ഇയാള്‍ വാഹനം 20 അടി ദൂരെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവെച്ചാണ് മോഷണത്തിനെത്തിയത്. പവിത്രന്‍ മാസ്റ്ററും ഭാര്യ രാജമ്മ ടീച്ചറും വീട് പൂട്ടി ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. വീട്ടില്‍ ആളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മോഷ്ടാവ് വീട്ടിലെത്തിയത്. കിണറിന്റെ ആള്‍മറയില്‍ കയറി പാരപ്പറ്റിലേക്ക് പിടിച്ച് വലിഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയില്‍ പാരപ്പറ്റില്‍ വെച്ച ഇഷ്ടിക അടര്‍ന്ന് കിണറ്റില്‍ വീഴുകയായിരുന്നു. ഷെമീറിന്റെ നിലവിളിയും ബഹളവും കേട്ടെത്തിയ നാട്ടുകാര്‍ പോലീസിനേയും അഗ്നിശമനസേനയേയും വിവരമറിയിക്കുകയായിരുന്നു. 30 അടിയോളം ആഴമുള്ള കിണറ്റില്‍ 4 അടി വെള്ളമുണ്ടായിരുന്നു. പെരിങ്ങോം അഗ്നിശമനനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ബാബു ആയോടന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങള്‍ വല ഉപയോഗിച്ചാണ് മോഷ്ടാവിനെ കയയിലേക്ക് കയറ്റിയത്.

വീഴ്ച്ചക്കിടയില്‍ പടവിന് കൈ തട്ടി വിരലുകള്‍ക്ക് നേരിയ പോറലേറ്റിരുന്നു.

ജില്ലയിലെ വിവിധ സ്‌റ്റേഷന്‍ അതിര്‍ത്തികളില്‍ നടന്ന നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഷെമീര്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.