പോലീസിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍-

കോട്ടയം: പോലീസ് ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

പാവപ്പെട്ട അമ്മക്കും കുട്ടിക്കും നേരെയും മറ്റും പോലീസ് അതിക്രമങ്ങള്‍ കാട്ടിയപ്പോള്‍ മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു.

ഇപ്പോള്‍ മൗനം വെടിയേണ്ട സാഹചര്യം മുഖ്യമന്ത്രിക്ക് ഉണ്ടായി. സര്‍ക്കാറിന്റെ പ്രോത്സാഹനം കൂടിയായതോടെ പോലീസ് വഴിവിട്ട് പോകുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സര്‍ക്കാര്‍ ഖജനാവിലേക്ക് പണം നിറക്കാന്‍ പോലീസിനെ ഉപയോഗിക്കുകയാണ്. കൂടുതല്‍ പണം പിരിക്കുന്ന ഉദ്യോഗസ്ഥരെ മിടുക്കരായി കാണുന്നു.

സ്‌പോണ്‍സേര്‍ഡ് പിടിച്ചുപറിയാണ് നടക്കുകയാണ്. ഒന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മുന്നോട്ടു പോകുന്നത് നാടിനും ജനങ്ങള്‍ക്കും ഗുണകരമാവില്ലെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

പോലീസ് ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്ന് പോലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചത്.

സര്‍ക്കാറിനെ ജനങ്ങള്‍ അളക്കുന്നത് പോലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണ്. അത് മനസിലാക്കി പോലീസ് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.