തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭാ ലൈബ്രറിയില്‍ തറയില്‍ പതിപ്പിച്ച ടൈലുകള്‍ പൊട്ടിത്തെറിക്കുന്നു.
കഴിഞ്ഞ ദിവസമാണ് വലിയ ശബ്ദത്തോടെ ടൈലുകള്‍ ഉയര്‍ന്നുപൊങ്ങിയ ശേഷം പൊട്ടിത്തെറിച്ചത്.
ഇതോടെ ലൈബ്രറി കെട്ടിടത്തിനകത്തെ ഏതാണ്ട് കാല്‍ഭാഗത്തോളമുള്ള സ്ഥലത്തേക്ക് വായനക്കാരെ പ്രവേശിപ്പിക്കാന്‍ സാധിക്കാത്ത നിലയിലാണ്.
പൊങ്ങി നില്‍ക്കുന്ന ടൈലുകള്‍ ചവിട്ടുമ്പോള്‍ പൊട്ടിത്തകര്‍ന്ന് ആളുകളുടെ കാലുകള്‍ക്ക് പരിക്കേല്‍ക്കുന്നത് ഒഴിവാക്കാന്‍ കസേരകളിട്ട് ഈ ഭാഗം ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
2010 ല്‍ നവീകരിച്ച് ഉദ്ഘാടനം ചെയ്ത ലൈബ്രറികെട്ടിടത്തിന്റെ രണ്ടാംനില മിനി ഓഡിറ്റോറിയമാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നിര്‍മ്മാണത്തിലെ അപാകതകള്‍ കാരണം അടച്ചിട്ടിരിക്കയായിരുന്നു.
ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി വിഭാഗത്തില്‍ ആദ്യമായാണ് നിര്‍മ്മാണ വൈകല്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
കനത്ത ചൂട്കാരണമാണ് വേണ്ടത്ര സിമന്റ് ചേര്‍ക്കാതെ പതിപ്പിച്ച ടൈലുകള്‍ പൊട്ടിത്തെറിക്കാന്‍ കാരണമെന്നാണ് സൂചന.
ഇപ്പോഴും നിത്യേന നൂറുകണക്കിന് വായനക്കാര്‍ എത്തിച്ചേരുന്ന ലൈബ്രറികെട്ടിടത്തിന്റെ തറയുടെ പല ഭാഗങ്ങളിലും ടൈലുകള്‍ പൊങ്ങിവന്നുകൊണ്ടിരിക്കുകയാണ്.
ചവിട്ടിനടക്കുമ്പോള്‍ എപ്പോഴാണ് ടൈലുകള്‍ പൊട്ടി കാലിലേക്ക് കുത്തികയറുന്നത് എന്നറിയാന്‍ പാടില്ലാത്ത സ്ഥിതിയാണ്.
പുതിയ ബജറ്റില്‍ നവീകരിച്ച ലൈബ്രറികെട്ടിടത്തിന് തുക വകയിരുത്തിയിട്ടുണ്ടെന്നത് മാത്രമാണ് ആശ്വാസം.
തിടുക്കപ്പെട്ട് പണിതീര്‍ത്ത ലൈബ്രറികെട്ടിടത്തിന്റെ നിര്‍മ്മാണപ്രവൃത്തികളെക്കുറിച്ച് പണിനടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.