ടി.കെ.കെ.ഫൗണ്ടേഷന്‍ പുരസ്‌കാരം സി.യൂസഫ് ഹാജിക്ക്–സമര്‍പ്പണം ഏഴിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും-

മാധവന്‍ പാക്കം(കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ്-കാഞ്ഞങ്ങാട്)

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ നിറ സാന്നിധ്യവുമായിരുന്ന ടി.കെ.കെ.നായരുടെ സ്മരണയ്ക്കായി കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന

ടി.കെ.കെ.ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 15-ാമത് പുരസ്‌കാരം വ്യാപാരി നേതാവും കര്‍ഷക പ്രമുഖനുമായ കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.യൂസഫ്ഹാജിക്ക് സമര്‍പ്പിക്കും.

വ്യാപാരികളെ പൊതു സമൂഹവുമായി ബന്ധപ്പെടുത്തുന്നതിനും നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വ്യാപാരികളെ പങ്കാളികളാക്കുന്നതിനും ജൈവകൃഷിയുടെ പ്രോത്സാഹനത്തിനും നാടിന്റെ വികസനത്തിനും നടത്തിയിട്ടുള്ള മാതൃകാപരമായ

പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് യൂസഫ്ഹാജിക്ക് ഇത്തവണത്തെ ടി.കെ.കെ.ഫൗണ്ടേഷന്‍ പുരസ്‌കാരം സമര്‍പ്പിക്കുന്നതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.സി.കെ.ശ്രീധരന്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് അസ്ലം, സെക്രട്ടറി ടി.കെ.നാരായണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ശില്‍പവും പ്രശംസാപത്രവുമടങ്ങിയതാണ് പുരസ്‌കാരം. അര നൂറ്റാണ്ടു കാലമായി കാഞ്ഞങ്ങാടിന്റെ വ്യാപാര രംഗത്ത് സജീവ സാന്നിധ്യമായ യൂസഫ്ഹാജി 24 വര്‍ഷമായി കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ്.

വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായും ജില്ലാ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാടിന്റെ സമഗ്ര വികസനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന നഗരവികസന കര്‍മ്മസമിതി ജനറല്‍ കണ്‍വീനറായ യൂസഫ്ഹാജി നിര്‍ദ്ദിഷ്ട കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പാതയ്ക്കായി നടത്തിയിട്ടുള്ള സമരങ്ങളുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരനായകനാണ്.

മികച്ച ജൈവ കര്‍ഷകനെന്ന നിലയില്‍ ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ ഗാന്ധിജി സ്റ്റഡീ സെന്ററിന്റെ ഒരു ലക്ഷം രൂപ ഉള്‍പ്പെടുന്ന പുരസ്‌കാരം മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍നായരുടെയും പി.ജെ.ജോസഫിന്റെയും സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയില്‍ നിന്നും ഏറ്റു വാങ്ങുകയുണ്ടായി.

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് വൊളണ്ടിയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വിദ്യാഭ്യാസമതസാംസ്‌കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച യൂസഫ്ഹാജി കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന എക്‌സിക്യുട്ടീവംഗം, ക്രസന്റ് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗം, ഇക്ബാല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗവേണിംഗ് ബോഡിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ച് വരുന്നു.

കോഴിക്കോട് ഫറൂക്ക് ഹൈസ്‌ക്കൂളിലും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് യൂസഫ്ഹാജി കാര്‍ഷികമേഖലയിലേക്കും വ്യാപാര രംഗത്തേക്കും തിരിഞ്ഞത്.

പ്രമുഖ കര്‍ഷകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന കോട്ടച്ചേരി ബി.എ.മഹാള്‍ സ്ഥാപകനായിരുന്ന ബടക്കന്‍ അഹമ്മദ്ഹാജിയുടെയും ചേരക്കാടത്ത് ആയിഷയുടെയും മകനാണ്.

ഭാര്യ: മറിയം.

മുന്‍ അവാര്‍ഡ് ജേതാക്കള്‍: സ്വാതന്ത്ര്യസമര സേനാനി കെ.മാധവന്‍, മുന്‍ എംപി അഡ്വ.ഹമീദലി ഷംനാട്, കൃഷി ശാസ്ത്രജ്ഞന്‍ ഡോ.കെ.പി.പ്രഭാകരന്‍നായര്‍, ലോകോത്തര ശില്‍പി കാനായി കുഞ്ഞിരാമന്‍, മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന്‍ സായി റാം ഭട്ട്, മുന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, മുന്‍ എംഎല്‍എ എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍, പ്രമുഖ സോഷ്യലിസ്റ്റ് കെ.സി.ഭാസ്‌ക്കരന്‍ മാസ്റ്റര്‍, വ്യവസായ പ്രമുഖന്‍ എച്ച്.ശ്രീധര്‍ കമ്മത്ത്, ശിശുരോഗ വിദഗ്ദ്ധന്‍ ഡോ.എ.സി.പത്മനാഭന്‍, സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന ഡോ.പി.വി.കൃഷ്ണന്‍നായര്‍, എഴുത്തുകാരന്‍ പ്രൊഫ.എം.എ.റഹ്മാന്‍, ശില്‍പിയും ചിത്രകാരനുമായ പുണിഞ്ചിത്തായ, ബഹുഭാഷാ പണ്ഡിതനും ഗ്രന്ഥകാരനുമായ ഡോ.എ.എം.ശ്രീധരന്‍.