ടൂറിസം-പൊതുമരാമത്ത് വകുപ്പുകളുടെ അലംഭാവത്തിനെതിരെ ആന്തൂര്‍ നഗരസഭ.

തളിപ്പറമ്പ്: ടൂറിസം-പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവത്തിനെതിരെ പരാതിയുമായി ആന്തൂര്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.വി.പ്രേമരാജന്‍ മാസ്റ്റര്‍ താലൂക്ക് വികസന സമിതിയില്‍.

ഇന്നലെ നടന്ന വികസനസമിതി യോഗത്തിലാണ് അദ്ദേഹം പരാതി ഉന്നയിച്ചത്.

ആറുവരിപ്പാതയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ധര്‍മ്മശാലയില്‍ കടുത്ത വെള്ളക്കെട്ടും ചെളിയും നിറയുന്നത് പരിഹരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശുഷ്‌ക്കാന്തി കാണിക്കുന്നില്ലെന്ന് പരാതിപ്പെട്ട അദ്ദേഹം ഓവുചാലിലേക്ക് വെള്ളം തിരിച്ചുവിട്ട് വളരെ എളുപ്പത്തില്‍ തന്നെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാനാവുമെന്നും നിര്‍ദ്ദേശിച്ചു.

ആന്തൂര്‍ നഗരസഭയിലെ ശുചീകരണ ജീവനക്കാര്‍ക്ക് ഇപ്പോള്‍ റോഡിലെ ചെളി കോരി വൃത്തിയാക്കലാണ് പ്രധാന ജോലിയെന്നും അദ്ദേഹം പറഞ്ഞു.

പറശിനിക്കടവ് പുഴയില്‍ ബോട്ട് ജെട്ടിയോടനുബന്ധിച്ച സ്ഥലത്ത് ടൂറിസം വകുപ്പ് നിര്‍മ്മിച്ച ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റിന്റെ പണി പൂര്‍ത്തീകരിച്ചിട്ട് ഒരു മാസം പിന്നിട്ടിട്ടും ഇത് ടൂറിസം വകുപ്പ് ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മഴയില്‍ പുഴയിലൂടെ വന്ന് അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ മുഴുവന്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജില്‍ തങ്ങിനില്‍ക്കുകയാണെന്നും ഇപ്പോള്‍ ഇത് ശുചീകരിക്കേണ്ട ബാധ്യത നഗരസഭക്ക് വന്നുചേര്‍ന്നിരിക്കയാണെന്നും അദ്ദേഹം പരാതിപ്പെട്ടു.

നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ടൂറിസം വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടും ഏറ്റെടുക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിന് പരിഹാരം കാണണമെന്നും സ്ഥിരംസമിതി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.

ഇക്കാര്യം അടിയന്തിരമായി കളക്ടറുടെ ശ്രദ്ധയില്‍ പെടുത്താന്‍ സമിതി യോഗം നിര്‍ദ്ദേശിച്ചു.