ട്രാഫിക് അവലോകന യോഗത്തില്‍ ഉയര്‍ന്നുവന്നത് തെരുവ്പട്ടിപ്രശ്‌നം
തളിപ്പറമ്പ്: തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി വിളിച്ചുചേര്‍ത്ത ട്രാഫിക് അവലോകനയോഗത്തില്‍ തെരുവ് പട്ടി പ്രശ്‌നം പ്രധാന ചര്‍ച്ചയായി മാറി.
തളിപ്പറമ്പില്‍ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ട്രാഫിക് പരിഷ്‌ക്കരണ പരിപാടികളുടെ രണ്ടാം ഘട്ടത്തില്‍ വ്യാപാരികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യോഗം ട്രാഫിക് പോലീസിന് നിര്‍ദ്ദേശം നല്‍കി.
സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ വാഹനം പാര്‍ക്ക് ചെയ്ത് കടക്കുള്ളില്‍ കയറുന്നതിന് മുമ്പേ ട്രാഫിക് പോലീസ് സ്റ്റിക്കറുമായി എത്തുകയും പിഴയീടാക്കുകയും ചെയ്യുന്നത് കച്ചവടത്തെ ബാധിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി തളിപ്പറമ്പ് യൂണിറ്റ് ജന.സെക്രട്ടറി വി.താജുദ്ദീന്‍ പരാതിപ്പെട്ടു.
കുപ്പം പ്രദേശത്ത് നിന്ന് തെരുവ് കച്ചവടങ്ങള്‍ മാറ്റിയതിനെ നഗരസഭാ കൗണ്‍സിലറും വ്യാപാരി വ്യവസായി സമിതി നേതാവുമായ കെ.എം.ലത്തീഫ് സ്വാഗതം ചെയ്തു.
ഈ ഭാഗത്ത് പുതിയ ഹൈവേയുടെ നിര്‍മ്മാണത്തിന് വേണ്ടി മണ്ണിടുന്നത് കാരണം മഴക്കാലത്ത് വെള്ളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇതിന് പരിഹാരം കാണണമെന്നും ലത്തീഫ് ആവശ്യപ്പെട്ടു.
മന്നയിലെ ട്രാഫിക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.
ഗവ.ആശുപത്രി പരിസരത്തെ പഴയ ബസ് വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കി അവിടെ പാര്‍ക്കിങ്ങിനായി സൗകര്യമൊരുക്കുക, ഹൈവയിലെ അനധികൃത പാര്‍ക്കിങ്ങ് തടയുക എന്നീ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു.
താലൂക്ക് ഓഫീസ് വളപ്പിലെ തെരുവ്‌നായ ശല്യം പരിഹരിക്കാന്‍ നഗരസഭാ അധികൃതര്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്നും വന്ധ്യംകരണം നടത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും നിലവിലില്ലെന്നും ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍സത്താറും യോഗത്തെ അറിയിച്ചു.
തെരുവ് നായകള്‍ക്ക് മൃഗസ്‌നേഹികള്‍ ഭക്ഷണം കൊടുക്കുന്നതാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്നും ജീവനക്കാരെയും ഓഫീസിലെത്തുന്നവരെയും നായ്ക്കള്‍ അക്രമിക്കുന്നതായും പരാതി ഉയര്‍ന്നു.
ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ മനോഹരന്‍, ട്രാഫിക്ക് എസ്.ഐ.വിനോദ് എന്നിവരും യോഗത്തില്‍ പ്രസംഗിച്ചു.