ബസുകള്‍ നിര്‍ത്തുന്നത് നടുറോഡില്‍പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യം ശക്തം.

തളിപ്പറമ്പ്: ബസുകള്‍ നിര്‍ത്തുന്നത് നടുറോഡില്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രിപരിസരത്ത് വാഹനതടസം പതിവായി.

നേരത്തെ ഉണ്ടായിരുന്ന ബസ്‌റ്റോപ്പുകള്‍ മാറ്റി തളിപ്പറമ്പ് ഭാഗത്തും ശ്രീകണ്ഠാപുരം ഭാഗത്തും രണ്ട് പുതിയ ഷെല്‍ട്ടറുകള്‍ നിര്‍മ്മിച്ചതോടെയാണ് ഗതാഗത തടസം നിത്യസംഭവമായത്.

ഈ രണ്ട് സ്‌റ്റോപ്പുകളിലും ബസുകള്‍ നിര്‍ത്തുന്നത് നടുറോഡില്‍ തന്നെയാണ്.

പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും വിദ്യാര്‍ത്ഥികളുടെ വലിയ തിരക്കുള്ള സമയത്ത് ഏറെ നേരം ഗതാഗതം തടസപ്പെടുന്നു.

നടുറോഡില്‍ നിര്‍ത്തുന്ന ബസുകള്‍ക്ക് പിറകിലായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതോടെ റോഡ് ബ്ലോക്ക് പതിവായി.

സെക്കന്റുകള്‍ക്കുള്ളില്‍ ആശുപത്രി പരിസരത്ത് വലിയ വാഹനനിര തന്നെയാണ് രൂപപ്പെടുന്നത്.

തിരക്കേറിയ ഈ പ്രദേശത്ത് സ്ഥിരമായി പോലീസ് സാന്നിധ്യം ഉണ്ടാവണമെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതാണെങ്കിലും എന്തെങ്കിലും അപകടം

സംഭവിച്ചാല്‍ മാത്രം കുറച്ചുദിവസത്തേക്ക് ഹോംഗാര്‍ഡുമാരെ ഡ്യൂട്ടിക്ക് നിയോഗിക്കുകയും പിന്നീട് പിന്‍വലിക്കുകയുമാണ് പതിവ്.

ഈ ഭാഗത്ത് സ്ഥിരമായി ഒരു പോലീസുദ്യോഗസ്ഥനെ തന്നെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.