തൃച്ചംബരം ഉല്‍സവം എഴുന്നള്ളത്ത് വൈകി-ആചാരലംഘനം നടന്നതായി സേവാസമിതി.

തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോല്‍സവത്തിന് വിവാദങ്ങളോടെ തുടക്കം. ഉല്‍സവത്തിന്റെ ആരംഭദിനമായ ഇന്നലെയുണ്ടായ ചില പ്രശ്‌നങ്ങളുടെ പേരിലാണ് ഉല്‍സവം വൈകിയതെന്ന് ശ്രീകൃഷ്ണസേവാസമിതി ഭാരവാഹികള്‍ ആരോപിച്ചു.

പതിവില്‍ നിന്ന് വ്യത്യസ്തമായി പുലര്‍ച്ചെ 3.30 ന് എഴുന്നള്ളേണ്ട ഉല്‍സവം ഇന്ന് പുലര്‍ച്ചെ 5.30 നാണ് ക്ഷേത്രത്തില്‍ നിന്നും പൂക്കോത്ത് നടയിലെത്തിയത്.

തിരിച്ച് 7.20നാണ് പൂക്കോത്ത്‌നടയില്‍ നിന്നും ഉല്‍സവം ക്ഷേത്രത്തിലേക്ക് തിരിച്ചുപോയത്.

അടുത്ത കാലത്തൊന്നും ഉല്‍സവം ഇത്രയേറെ വൈകിയ അവസ്ഥ ഉണ്ടായിട്ടില്ലെന്ന് പ്രായമായവരും പറയുന്നു.

ഉല്‍സവം എഴുന്നള്ളിപ്പിന് കുട പടിക്കേണ്ട വ്യക്തിക്ക് വാലായ്മ സംഭവിച്ചതിനാല്‍ പകരം ആളെ വെക്കുന്നത് സംബന്ധിച്ച് ഉണ്ടായ പ്രശ്‌നങ്ങളാണ് ഉല്‍സവം വൈകാന്‍ ഇടയാക്കിയതെന്ന് ക്ഷേത്രം മാനേജര്‍ പി.കൃഷ്ണകുമാരി പറയുന്നു.

തന്ത്രിയുടെ അനുമതിയോടെ മാത്രമേ കുടപിടിക്കാന്‍ പുതിയ വ്യക്തിയെ കണ്ടെത്താന്‍ പാടുള്ളൂവെന്നും ഇന്ന് എഴുന്നള്ളിപ്പിന് കുട പിടിച്ച വ്യക്തി അതിന് യോഗ്യത ഇല്ലാത്തയാളാണെന്നും സേവാസമിതി പ്രസിഡന്റ് എ.പി.ഗംഗാധരന്‍ ആരോപിക്കുന്നു.

ഉല്‍സവം ആരംഭിച്ചു കഴിഞ്ഞാല്‍ 14 ദിവസം സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രത്തില്‍ ആചാരലംഘനം നടന്നതായ ഗൗരവമായ വിഷയവും ഇദ്ദേഹം ഉന്നയിക്കുന്നു.

ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറെ ഇത് സംബന്ധിച്ച് ബന്ധപ്പെടാന്‍ പലരും ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം ക്ഷേത്രത്തില്‍ ഇല്ലാതിരുന്നത് ഗുരുതരമായ വീഴ്ച്ചയാണെന്നും ഗംഗാധരന്‍ ആരോപിച്ചു.

എന്നാല്‍ സ്ത്രീകള്‍ക്ക് കയറാന്‍ അനുവാദമുള്ള സ്ഥലത്ത് മാത്രമേ കയറിയിട്ടുള്ളുവെന്ന് മാനേജര്‍ കൃഷ്ണകുമാരിയും പറയുന്നു.

ഉല്‍സവം ആരംഭിക്കുന്നതിന് മുമ്പുതന്നെ സേവാസമിതിയും ടി.ടി.കെ.ദേവസ്വവും തമ്മിലുണ്ടായിരുന്ന വടംവലികള്‍ക്ക് പുതിയമാനം സൃഷ്ടിക്കുന്നതാണ് ഇന്നലെ നടന്ന സംഭവങ്ങള്‍.

വരും ദിവസങ്ങളിലും ഇതിന്റെ അലയോലികളുണ്ടാകുമെന്നാണ് സൂചന.

ഏതായാലും പുതിയ സംഭവവികാസങ്ങളെ ഭക്തജനങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്.