മെഡിക്കല്‍ കോളേജ് പോര്‍ട്ടിക്കോയില്‍ കാറില്‍ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ അപകടനില തരണം ചെയ്തു.
പരിയാരം: ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തിന്റെ പോര്‍ട്ടിക്കോയില്‍ കാറില്‍ പ്രസവിച്ച ഇരട്ടക്കുട്ടികള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
ചിറക്കല്‍ സ്വദേശിനിയായ 28 കാരിയാണ് 33 ആഴ്ച്ചകള്‍ മാത്രം വളര്‍ച്ചയെത്തിയ ഇരട്ടക്കുട്ടികളുമായി മെയ് 1 ന് പുലര്‍ച്ചെ 3.30 ന് കാറില്‍ എത്തിയത്.
കാറില്‍ തന്നെ കുഞ്ഞിന്റെ തലഭാഗം പുറത്തേക്ക് വന്ന നിലയിലായതിനാല്‍ അപകടാവസ്ഥ മനസിലാക്കി ഡോക്ടര്‍മാര്‍ രോഗിയെ കൊണ്ടുവന്ന കാറില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു.
ഈ കുട്ടിയുടെ പൊക്കിള്‍കൊടി കഴുത്തിന് ചുറ്റിയനിലയിലായിരുന്നു.
അതേസമയം രണ്ടാമത്തെ കുട്ടി അപകടകരമായ നിലയില്‍ പൃഷ്ടഭാഗം പുറത്തുവന്ന നിലയിലാണ് കണ്ടത്.
തൂക്കക്കുറവുണ്ടായിരുന്ന രണ്ട് കുട്ടികളേയും ന്യൂബോണ്‍ ഐ.സി.യുവില്‍ വെന്റിലേറ്ററിലേക്ക് മാറ്റി.
ഇപ്പോള്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റിയ കുട്ടികള്‍ക്ക് മുലപ്പാല്‍ നല്കി തുടങ്ങിയിട്ടുണ്ട്.
അത്യാഹിത വിഭാഗത്തിലെ ഡോ.ഷൈമ, ഡോ.മമത, ഡോ.ശങ്കര്‍, ഡോ.കീര്‍ത്തന, സ്റ്റാഫ്നേഴ്സുമാരായ സിനി, രഘു എന്നിവരാണ് രണ്ടുകുട്ടികകളേയും അമ്മയേയും രക്ഷപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്.
ഡോക്ടര്‍മാരുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണമാണ് രണ്ട് കുട്ടികളുടെയും അമ്മയുടെയും ജീവന് രക്ഷിക്കാന്‍ സാധിച്ചത്.
മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച ഗൈനക്കോളജി-ശിശുരോഗ-അത്യാഹിത വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും പ്രിന്‍സിപ്പാള്‍ ഡോ.എസ്.പ്രതാപും മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപും അഭിനന്ദിച്ചു.