ഒഴിപ്പിക്കലുമായി വീണ്ടും ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി രംഗത്ത്-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്-
തളിപ്പറമ്പ്: നഗരത്തിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ആര്‍.ഡി.ഒയും സംഘവും വീണ്ടും രംഗത്തിറങ്ങി.

തളിപ്പറമ്പില്‍ പൊതുസ്ഥലങ്ങള്‍ വ്യാപകമായി കയ്യേറ്റം ചെയ്യപ്പെടുന്നത് സംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇന്നലെ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതോടൊപ്പം നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് ആര്‍.ഡി.ഒ ഇ.പി.മേഴ്‌സിയുടെ നേതൃത്വത്തില്‍
സര്‍വ്വസന്നാഹങ്ങളുമായി ഇന്ന് വൈകുന്നേരം അഞ്ചോടെ കയ്യേറ്റം ഒഴിപ്പിക്കാനിറങ്ങിയത്.
റവന്യൂ, പോലീസ്, പൊതുമരാമത്ത്, മുന്‍സിപ്പാലിറ്റി, മോട്ടോര്‍ വാഹന വകുപ്പ് എന്നീ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു വീണ്ടും ഒഴിപ്പിക്കല്‍ ദൗത്യം ആരംഭിച്ചത്.
നേരത്തെ അര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നഗരത്തില്‍ തെരുവ് കച്ചവടത്തിനെതിരെയും അനധികൃത പാര്‍ക്കിങ്ങിനെതിരെയും
നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കിലും പിന്നീട് എല്ലാം പഴയപടിയാവുകയായിരുന്നു.
മെയിന്‍ റോഡില്‍ തെരുവ്കച്ചവടക്കാര്‍ റോഡിലേക്ക് സാധനങ്ങളിറക്കിവെച്ച് വലിയ കുട സ്ഥാപിച്ച് കച്ചവടം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.
മെയിന്‍ റോഡില്‍ നേരത്തെ വികലാംഗര്‍ക്ക് അനുവദിച്ച പെട്ടിക്കടകള്‍ ഉള്‍പ്പെടെ വ്യാപകമായി പ്രതിദിന വാടകക്ക്
മറിച്ചുകൊടുക്കുകയും ഷട്ടറുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് വലിയതോതില്‍ വ്യാപാരം നടന്നുവരികയുമാണ്.
കച്ചവടം കടകളില്‍ നിന്നിറങ്ങി റോഡിലേക്ക് നീണ്ടതോടെയാണ് ഇത് തടയാന്‍ ആര്‍.ഡി.ഒ രംഗത്തിറങ്ങിയത്.
മെയിന്‍ റോഡിലെ ചില കയ്യേറ്റങ്ങള്‍ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ നഗരസഭാ അധികൃതര്‍ നീക്കം ചെയ്യുകയും ചെയ്തു.
കയ്യേറ്റങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കുമെന്നും കൂടുതല്‍ ഇടപെടലുകള്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നും ആര്‍.ഡി.ഒ ഇ.പി.മേഴ്‌സി പറഞ്ഞു.
നേരത്തെ കയ്യേറ്റം ഒഴിപ്പിച്ച സ്ഥലങ്ങളായ കുപ്പം, ചിറവക്ക് പ്രദേശത്തും ആര്‍.ഡി.ഒയും സംഘവും പരിശോധനകള്‍ നടത്തി.
അസി.കളക്ടര്‍ മുഹമ്മദ് ഷെഫീഖ്, ആര്‍.ഡി.ഒ ഓഫീസ് സീനിയര്‍ സൂപ്രണ്ട് സജീവന്‍, തളിപ്പറമ്പ് തഹസില്‍ദാര്‍ ഭാസ്‌ക്കരന്‍,
നഗരസഭാ സെക്രട്ടറി എം.എസ്.ശ്രീരാഗ് എന്നിവരും ആര്‍.ഡി.ഒക്കൊപ്പം ഉണ്ടായിരുന്നു.
