ശ്രീനാരായണ മഠത്തിന് അടിപ്പാത വേണം-സമരം ആറാം ദിവസത്തിലേക്ക് കടന്നു.

മുഴപ്പിലങ്ങാട്: ശ്രീനാരായണ മഠത്തിന് അടിപ്പാതക്കായുള്ള ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം
ആറാം ദിവസം.

കഴിഞ്ഞ ദിവസം സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയപ്പോള്‍ പരിക്കേറ്റ മൂന്ന് സ്ത്രീകളും ആശുപതിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

അവര്‍ ഇന്ന് സമരപ്പന്തലില്‍ എത്തി. മുഴപ്പിലങ്ങാട് എല്‍.പി.സ്‌കൂള്‍, തറവാട് അഗതി മന്ദിരം, സൗജന്യ ഡയാലിസ് കേന്ദ്രം, മുഴപ്പിലങ്ങാട് ബീച്ച് തുടങ്ങിയവയുടെ പ്രാധാന്യം അധികാരികള്‍ കണക്കിലെടുത്തില്ലെന്ന് സമരക്കാര്‍ ആരോപിച്ചു.

ദേശീയപാതയുടെ നിര്‍മ്മാണം പുരോഗമിച്ചപ്പോഴാണ് റോഡിന് കിഴക്കും പടിഞ്ഞാറുമായി ഈ പ്രദേശം വിഭജിക്കപ്പെട്ടുവെന്ന കാര്യം നാട്ടുകാര്‍ക്ക് ബോദ്ധ്യമായത്.

ഇവിടെ നടപ്പാതമുണ്ടാകുമെന്നാണ് പലരും നാട്ടുകാരോട് പറഞ്ഞത്. അവര്‍ അക്കാര്യം വിശ്വസിച്ചു റോഡിന്റെ കിഴക്ക് ഭാഗം കോണ്‍ക്രീറ്റിനായി കമ്പികള്‍ ഉയര്‍ന്നപ്പോഴാണ് ഭാവിയില്‍ വരാന്‍ പോകുന്ന ദുരിതത്തിന്റെ ആഴം മനസ്സിലായത്.

അതാണ് സമരം വൈകാന്‍ കാരണം. അടിപ്പാത അനുവദിക്കും വരെ സമരം തുടരാനാണ് തീരുമാനം.

ഈ നാടിന്റെ വിഷമം ബന്ധപ്പെട്ടവരുമായി ഇതിനോടകം സംസാരിച്ചിട്ടുണ്ട്. ഒന്നു കൂടി അവരെ കണ്ട ശേഷം ഇവിടെ അടിപ്പാത അനിവാര്യമാണെന്ന് ബോദ്ധ്യപ്പെടുത്തി ചെറിയ അടിപ്പാത സാദ്ധ്യമാവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് സ്ഥലം സന്ദര്‍ശിച്ച കെ.സുധാകരന്‍ എം.പി.ഉറപ്പ് നല്‍കി.

ഡി.സി.സി.ജനറല്‍ സിക്രട്ടറി എം.കെ. മോഹനന്‍, സത്യന്‍ വണ്ടിച്ചാലില്‍ സമരസമിതി നേതാക്കളായ അറത്തില്‍ സുന്ദരന്‍, സി.ദാസന്‍, സി.എം.നജീബ്, തറമ്മല്‍ നിയാസ്, എ.ദിനേശന്‍, ആര്‍.മഹാദേവന്‍, ബീന വട്ടക്കണ്ടി, സൈബുന്നീസ, എ.കെ.ഇബ്രാഹിം, സിറാജ് എന്നിവര്‍ സംസാരിച്ചു.