ശരത്ചന്ദ്രനെ കാണാന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ കടന്നപ്പള്ളിയിലെത്തി.

പരിയാരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കാന്‍ പോരാടിയ ധീര

സൈനികരെ നേരില്‍ കണ്ട് ആദരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്‍ഗില്‍ സൈനികന്‍

ശരത്ചന്ദ്രന്റെ വീട്ടിലെത്തിയതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.

കാര്‍ഗില്‍ യുദ്ധ പോരാളി പി.വി.ശരത്ചന്ദ്രനെ (44) സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍ 7 മുതല്‍ 20 വരെ കേന്ദ്ര മന്ത്രിമാരും എം.പി.മാരും പ്രധാനമന്ത്രി ഏല്‍പ്പിച്ച ഈ ദൗത്യം നിര്‍വ്വഹിച്ചു വരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കടന്നപ്പള്ളിയിലെ വീട്ടില്‍ വൈകുന്നേരം അഞ്ചിനാണ് മന്ത്രി എത്തിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.രഞ്ജിത്തും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

കനല്‍വഴി താണ്ടിയ ഓര്‍മ്മകളുമായി ശരത്ചന്ദ്രന്‍ 20 വര്‍ഷമായി ചക്രക്കസേരയിലും കടിലിലുമായിട്ടാണ് ജീവിക്കുന്നത്.

അതിര്‍ത്തിരക്ഷാസേനയിലെ 138 മീഡിയം ആര്‍ട്ടിലറി വിഭാഗത്തിലെ സേനാംഗമായിരുന്നു ശരത്ചന്ദ്രന്‍.

കടന്നപ്പള്ളി കോട്ടത്തും ചാലിലെ പരേതരായ പി.കെ.ഗോവിന്ദന്‍ നമ്പ്യാരുടേയും പി.വി.ജാനകിയമ്മയുടെയും ഇളയ മകനാണ്.

1998 ല്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയില്‍ ചേര്‍ന്ന ശരത്ചന്ദ്രന് 1999 ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടി വന്നു.

കാര്‍ഗിലില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ ഉഡിയയില്‍ വെച്ച് പാക് ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം വാഹനത്തില്‍ മടങ്ങുമ്പോഴായിരുന്നു ഷെല്ലാക്രമണം. ഉദ്ധംപൂര്‍, ചാണ്ഡിഗഡ് സൈനിക ആശുപത്രിയില്‍ ദീര്‍ഘനാളത്തെ ചികിത്സക്ക് ശേഷമാണ് നാട്ടിലെത്തിയത്.

നട്ടെല്ലിനേറ്റ ക്ഷതം കാരണം എഴുന്നേറ്റ് നടക്കാനാവില്ല. മൂത്ത സഹോദരന്‍ സുരേന്ദ്രനോടൊപ്പമാണ് ഇപ്പോള്‍ താമസം.

(കേന്ദ്രമന്ത്രിയുടെ വീഡിയോ ലിങ്ക് ഇതൊടൊപ്പം കൊടുത്തിട്ടുണ്ട്)