വരും തലമുറയ്ക്ക് വിശ്വസിക്കാനാവാത്ത വിധം ഉജ്വലമാണ് വടക്കില്ലത്തിന്റെ ജീവിതം: കെ. പ്രകാശ് ബാബു
പിലാത്തറ: വരും തലമുറയ്ക്ക് വിശ്വസിക്കാന്‍ കഴിയാനാവാത്ത വിധം ഉജ്വലവും ത്വാഗപൂര്‍ണ്ണവും അര്‍പ്പിതവുമായിരുന്നു വടക്കില്ലത്തിന്റെ ജീവിതമെന്ന് സി.പി.ഐ ദേശീയ നിര്‍വ്വാഹകസമിതി അംഗം അഡ്വ. കെ.പ്രകാശ് ബാബു.
വടക്കില്ലം ഗോവിന്ദന്‍ നമ്പൂതിരിയുടെ വീട്ടുമുറ്റത്ത് നടത്തിയ സ്മാരക അവാര്‍ഡ് സമര്‍പ്പണവും അനുസ്മരസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാക്കും പ്രവൃത്തിയും ഇത്രമേല്‍ ഒന്നിച്ച് ചേര്‍ന്നു നില്‍ക്കുന്ന ജീവിതം രാഷ്ട്രീയത്തില്‍ അപൂര്‍വ്വമാണ്.
അവസരവാദികളും സ്വാര്‍ത്ഥമതികളുമായ ആളുകള്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ വടക്കില്ലത്തിന്റെ ജീവിതം അനുസ്മരിക്കപ്പെടുന്നത് ഒരു രാഷ്ട്രീയപ്രതിരോധമാണെന്നും അദ്ദേഹം പറഞ്ഞു.
മാധവന്‍ പുറച്ചേരി അദ്ധ്യക്ഷത വഹിച്ചു.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമര പോരാളിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അമ്പലത്തറ കുഞ്ഞികൃഷ്ണന് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് അവാര്‍ഡ് സമര്‍പ്പിച്ചു.
കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി നിസ്വാര്‍ഥവും ത്യാഗപൂര്‍ണ്ണവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന അമ്പലത്തറയ്ക്ക് നല്‍കുന്നതിലൂടെ വടക്കില്ലം പുരസ്‌കാരം കൂടുതല്‍ തിളക്കമുള്ളതായി മാറുന്നുവെന്ന് അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.
സമൂഹത്തില്‍ നഷ്ടപ്പെട്ടു കൊണ്ടു കൊണ്ടിരിക്കുന്ന കനിവും കാരുണ്യവും തിരികെയെത്തിക്കാന്‍ സമരങ്ങള്‍ക്കും കലയ്ക്കുള്ളതുപോലെ പ്രാധാന്യമുണ്ടെന്ന് അമ്പലത്തറ കുഞ്ഞികൃഷ്ണന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ശില്‍പ്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് പുരസ്‌ക്കാരം.
സുരേഷ് ബാബു എളയാവൂര്‍, സി.പി.സന്തോഷ് കുമാര്‍, വി.വിനോദ്, ബങ്കളം കുഞ്ഞികൃഷ്ണന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍, രേഷ്മ പരാഗന്‍, ബാബു രാജേന്ദ്രന്‍, വി.ഇ.പരമേശ്വരന്‍, വി.ഇ.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.