ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ വണ്ണാത്തിക്കടവ് പാലം തുറന്നു-വാഹനങ്ങള്‍ ഓടിത്തുടങ്ങി.
പിലാത്തറ: ചന്തപ്പുര വണ്ണാത്തിക്കടവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ കോണ്‍ക്രീറ്റ് റോഡ് പാലം തുറന്നു, ഉദ്ഘാടനത്തിന് കാത്തുനില്‍ക്കാതെ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി.

പാലത്തിന്റെ പ്രവൃത്തിയും അപ്രോച്ച് റോഡും മെക്കാഡം ടാറിങും പൂര്‍ത്തിയായതോടെയാണ് വാഹനങ്ങള്‍ ഇതുവഴി ഓടി തുടങ്ങിയത്.
പിലാത്തറ-മാതമംഗലം മലയോര റൂട്ടില്‍ ചന്തപ്പുര വണ്ണാത്തിപ്പുഴക്ക് കുറുകെയാണ് പുതിയ പാലം.
നബാര്‍ഡ് പദ്ധതിയില്‍ 8.49 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ഈപാലത്തിന് 140 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയും ഇരുഭാഗത്തും 1.5 മീറ്റര്‍ വീതിയില്‍ ഫുട്പാത്തും ഉണ്ട്.
ചന്തപ്പുര ഭാഗത്ത് 320 മീറ്റര്‍ നീളത്തിലും കണ്ടോന്താര്‍ ഭാഗത്ത് 60 മിറ്റര്‍ നീളത്തിലും മെക്കാഡം ടാറിങ് ചെയ്ത അപ്രോച്ച് റോഡും നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്.
വണ്ണാത്തിക്കടവ് പാലം പണി പൂര്‍ത്തിയായതോടെ പൂവണിഞ്ഞത്
ജനങ്ങളുടെ ഏറെ കാലത്തെ ആവശ്യമാണ്.
അറുപത് വര്‍ഷം മുമ്പെ പണിത പാലത്തിലൂടെയാണ് ഇപ്പോള്‍ മലയോര റൂട്ടില്‍ ബസുകളും മറ്റ് വാഹനങ്ങളും കടന്നു പോകുന്നത്.
ഒരു വാഹനത്തിന് മാത്രം കടന്നുപോകാന്‍ പറ്റുന്ന ഈ പാലം കൈവരി തകര്‍ന്നും കാലപഴക്കവും മൂലം അപകട സാധ്യതയിലായിരുന്നു.പുതിയ പാലം വന്നതോടെ അപകടവളവും ഇല്ലാതായി.
1963ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി പി.പി.ഉമ്മര്‍കോയയാണ് പാലം ഉദ്ഘാടനം ചെയ്തിരുന്നത്.
