ഊഞ്ഞാലാ ഊഞ്ഞാല-പാടിയ വീണ്ടും പ്രഭാതത്തിന് ഇന്ന് 51 വയസ്.

     1973 ല്‍ 51 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം ഏപ്രില്‍-27 ന് റിലീസായ സിനിമയാണ് വീണ്ടും പ്രഭാതം. എം.പി.റാവുവും എം.ആര്‍.കെ.മൂര്‍ത്തിയും ചേര്‍ന്ന് പ്രതാപ് ആര്‍ട്ട് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ സിനിമക്ക് കഥയും തിരക്കഥയും സംഭാഷണവും എഴുതിയത് ശ്രീകുമാരന്‍തമ്പിയാണ്. ആ കാലത്ത് സൂപ്പര്‍ ഹിറ്റായി പ്രദര്‍ശിപ്പിക്കപ്പെട്ട ഈ സിനിമ സംവിധാനം ചെയ്തത് പി.ഭാസ്‌ക്കരന്‍. പ്രേംനസീര്‍, അടൂര്‍ഭാസി, ജോസ് പ്രകാശ്, ശങ്കരാടി. മുത്തയ്യ, ബഹദൂര്‍, വീരന്‍, സി.എ.ബാലന്‍, തൊടുപുഴ രാധാകൃഷ്ണന്‍, പോള്‍ വെങ്ങോല, ശാരദ, വിജയശ്രീ, രാധാമണി, പ്രേമ, വഞ്ചിയൂര്‍ രാധ, ബേബി ശോഭ, ബേബി സുമതി, മാസ്റ്റര്‍ വിജയകുമാര്‍, മാസ്റ്റര്‍ മുരളീകൃഷ്ണന്‍, രാമന്‍കുട്ടി മേനോന്‍, അബ്ബാസ്, പി.കെ.നമ്പ്യാര്‍, പ്രഭാകരന്‍, മധുസൂതനന്‍, അരവിന്ദാക്ഷന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അഭിനേതാക്കള്‍. പി.ഭാസ്‌ക്കരന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് വി.ദക്ഷിണാമൂര്‍ത്തി. 11 പാട്ടുകളാണ് സിനിമയിലുള്ളത്. രാജശ്രീ പിക്‌ച്ചേഴ്‌സാണ് വിതരണക്കാര്‍. കലാസംവിധാനം എസ്.കൊന്നനാട്ട്, പരസ്യം-എസ്.എ.നായര്‍. ക്യാമറ-എസ്.ജെ.തോമസ്, എഡിറ്റര്‍-കെ.ശങ്കുണ്ണി.

കഥാസംഗ്രഹം-

ഒരു ഫാക്ടറിത്തൊഴിലാളിയായ ഗോപാലന്‍ നായര്‍(മുത്തയ്യ) രാപ്പകല്‍ കഷ്ടപ്പെട്ടാണ് അമ്മയില്ലാത്ത തന്റെ കൊച്ചു കുട്ടികളെ വളര്‍ത്തുന്നത്. പത്തു വയസ്സു തികയാത്ത മൂത്ത മകള്‍ ലക്ഷ്മിയാണ് അനുജന്മാരായ രവിയെയും കൊച്ചനുജനെയും നോക്കുന്നതും പാചകം നടത്തുന്നതുമെല്ലാം. തൊട്ടടുത്ത വീട്ടിലെ പത്രോസു മുതലാളി വലിയ ക്രൂരനാണെങ്കിലും ഭാര്യ മറിയാമ്മ അയാളറിയാതെ ആ കുട്ടികളെ സഹായിക്കാറുണ്ട്.
ഒരു ദിവസം ഫാക്ടറിയില്‍ വെല്‍ഡ് ചെയ്തു കൊണ്ടിരിക്കെ തീപ്പൊരി തെറിച്ചു വീണ് ഗോപാലന്‍ നായരുടെ കണ്ണുകള്‍ക്ക് കാഴ്ച്ച നഷ്ടപ്പെടുന്നു. അന്ധനായ താന്‍ കുഞ്ഞുങ്ങള്‍ക്ക് ഒരു ഭാരമായിരിക്കുമെന്ന് കരുതി അയാള്‍ നാടുവിടുന്നു. സഹായത്തിനാരുമില്ലാതെ കഷ്ടപ്പെടുന്ന ലക്ഷ്മി ഒരു ദിവസം അനുജന്മാരെയും കൂട്ടി എങ്ങോട്ടെന്നില്ലാതെ യാത്രയാകുന്നു. ട്രെയിനില്‍ വെച്ച് രവി ചേച്ചിയെയും കൊച്ചനിയനെയും പിരിഞ്ഞു പോകുന്നു. അവന്‍ ചെന്നു പെട്ടത് കുട്ടന്‍ പിള്ളയുടെ ഡ്രാമാ ട്രൂപ്പിലാണ്.
അനുജനെ പിരിഞ്ഞ ലക്ഷ്മിയും കൊച്ചനുജനും കോരിച്ചൊരിയുന്ന മഴയത്ത് പണക്കാരനും ദുഷ്ടനുമായ പ്രഭാകരക്കൈമളുടെ വീട്ടില്‍ ഓടിക്കയറുന്നു. അയാള്‍ അവരെ ഇറക്കി വിടാന്‍ തുടങ്ങിയെങ്കിലും കൊച്ചു മകന്‍ മധുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ലക്ഷ്മിയെ അവിടെ ജോലിക്ക് നിര്‍ത്തുന്നു. മധുവും അനുജത്തി ലതയും അവരോട് വളരെ അനുഭാവപൂര്‍ണ്ണമാണ് പെരുമാറിയിരുന്നത്. മധു തന്റെ പിറന്നാള്‍ ദിവസം ഒരു സ്വര്‍ണ്ണമാല ലക്ഷ്മിയുടെ കൊച്ചനുജന്റെ കഴുത്തിലിടുന്നു. ആ മാലക്കായി കുഞ്ഞിനെ ഒരു കള്ളന്‍ എടുത്തു കൊണ്ടു പോകുന്നു.വഴിയില്‍ വെച്ച് ഒരു മാജിക്കുകാരന്‍ കുഞ്ഞിനെ മാലയോടു കൂടി രക്ഷിച്ചു വളര്‍ത്തുന്നു. വളര്‍ന്നു വലുതാകുന്നതോടു കൂടി മധുവും ലക്ഷ്മിയും പ്രേമബദ്ധരാകുന്നു.

നാടകക്കമ്പനിയിലെ പ്രധാന നടനായിത്തീര്‍ന്ന രവി, മാനേജരുടെ വിരൂപയായ മകളെ വിവാഹം കഴിക്കാന്‍ അയാള്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് കമ്പനി വിടുന്നു. നാടകത്തിലെ മേക്കപ്പോടെ അവിടെ നിന്നോടിയ രവി ധനാഢ്യനും സരിഗമ കുറുപ്പെന്ന് ജനങ്ങളാല്‍ വിളിക്കപ്പെടുന്ന സരോജാമില്ലിന്റെ ഉടമയുടെ വീട്ടില്‍ കയറി ഒളിച്ചിരിക്കുന്നു. അതേ നാടകം കഴിഞ്ഞ് തിരിച്ചെത്തിയ കുറുപ്പും മകളും രവിയെ കാണുന്നു. സരോജത്തിന്റെ പ്രേരണയാല്‍ ഒരു സംഗീതപ്രിയനായ കുറുപ്പ് രവിയെ അടുക്കള ജോലിക്ക് നിര്‍ത്തുന്നു.
ഉപരിപഠനത്തിനു അമേരിക്കയിലേക്ക് പോകുന്ന മധു ലക്ഷ്മിയുടെ വിരലില്‍ തന്റെ മോതിരമണിയിച്ച് വിവാഹവാഗ്ദാനവും നല്‍കി യാത്ര പറയുന്നു. ഈ രംഗം മറഞ്ഞു നിന്നു കാണാനിടയായ കൈമള്‍ മധു പോയ ഉടനെ തന്നെ ലക്ഷ്മിയെ അവിടെ നിന്നും അടിച്ചിറക്കുന്നു. ഒരു പച്ചക്കറി വില്പനക്കാരിയുടെ സഹായത്താല്‍ അവള്‍ക്ക് ഒരു മില്ലില്‍ ജോലി കിട്ടുന്നു. അവിടെയും അവളുടെ സൗന്ദര്യം അവളെ പല വിധത്തില്‍ അലട്ടിക്കൊണ്ടിരിക്കുന്നു.
സ്വന്തം മകനേപ്പോലെ വളര്‍ത്തിയ ശശിയോട് രഹസ്യം തുറന്നു പറഞ്ഞ് ആ മാലയും ഏല്‍പിച്ച ശേഷം മാജിക്കുകാരന്‍ അന്ത്യശ്വാസം വലിക്കുന്നു. അതോടെ അനാഥനായ അവന്‍ ജോലിയന്വേഷിച്ചിറങ്ങുന്നു. കുറെ റൗഡികളുടെയിടയില്‍ പെട്ടു പോയ കൈമളുടെ മകള്‍ ലതയെ അവിചാരിതമായി അതുവഴി വന്ന ശശി രക്ഷപ്പെടുത്തി വീട്ടിലെത്തിക്കുന്നു. ഈ പരിചയം ക്രമേണ പ്രേമത്തിലെത്തുന്നു. ഇതിനിടെ കുറുപ്പിന്റെ ഓഫീസിലെ അക്കൗണ്ടന്റായി കഴിഞ്ഞിരുന്ന രവിയും സരോജവും കൂടുതലടുക്കുന്നു.അവന്റെ സ്വഭാവത്തില്‍ മതിപ്പു തോന്നിയ കുറുപ്പ് അവനെ മാനേജരായി നിയമിക്കുന്നു. രവിയും സരോജവുമായുള്ള അടുപ്പമറിഞ്ഞ് നല്ലവനായ അദ്ദേഹം അവരുടെ വിവാഹവും നിശ്ചയിക്കുന്നു.
ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ മധു ലക്ഷ്മിയെ അന്വേഷിക്കുന്നു. അനുജത്തിയില്‍ നിന്നും വിവരമെല്ലാം അറിഞ്ഞ മധു അച്ഛനുമായി തെറ്റുന്നു. വെറും ഒരു തെണ്ടിയായ ശശിയെ പ്രേമിച്ചതിനു ലതയും കൈമളുടെ വീട്ടു തടങ്കലിലാണ്.
ഈ എതിര്‍പ്പുകളെല്ലാം തകര്‍ത്ത് അവരെല്ലാം ഒന്നാകുന്നിടത്ത്, അകന്നു പോയ ചേച്ചിയും അനുജന്മാരും കണ്ടു മുട്ടുന്നിടത്ത്, അന്ധനായ ഗോപാലന്‍ നായരുടെ ജീവിതത്തില്‍ വീണ്ടും പ്രഭാതം ഉണരുമ്പോള്‍ സിനിമ ശുഭപര്യവസായി ആകുന്നു

ഗാനങ്ങള്‍-

1-ആലോലനീലവിലോചനങ്ങള്‍-യേശുദാസ്-ജാനകി.
2-എന്റെ വീടിന് ചുമരുകളില്ല-എസ്.ടി.ശശിധരന്‍.
3-കുമുദിനികള്‍-യേശുദാസ്.
4-നളിനമുഖീ നളിനമുഖീ-യേശുദാസ്.
5-നീ കേളണ-യേശുദാസ്.
6-ഊഞ്ഞാല ഊഞ്ഞാല-അമ്പിളി.
7-ഊഞ്ഞാലാ ഊഞ്ഞാല-യേശുദാസ്, പി.സുശീല.
8-ഊഞ്ഞാലാ ഊഞ്ഞാല-പി.സുശീല.
9-പക്കാലാ-യേശുദാസ്.
10-രാധാ സമേതനേ-യേശുദാസ്.
11-ജയജയഗോകുലബാലാ-ദക്ഷിണാമൂര്‍ത്തി.