അതിദരിദ്രരേ തേടുന്ന അധികാരികളേ—നിങ്ങളീ പനീറിനെ കണ്ടുവോ, —കേട്ടുവോ-

കരിമ്പം.കെ.പി.രാജീവന്‍

തളിപ്പറമ്പ്: അതിദരിദ്രരെ തേടുന്നവരേ–ഇവിടെ കുറുമാത്തൂരില്‍ ഒരാളുണ്ട്, ഒന്ന് കാണാമോ–? കീറിയ ടാര്‍പ്പോളിന്‍ ഷീറ്റുകളും

തുണിക്കഷ്ണങ്ങളും ചാക്കുകളും ഉപയോഗിച്ചുണ്ടാക്കിയ മേല്‍ക്കൂര പറന്ന് പോവാതിരിക്കാന്‍ തലങ്ങും വിലങ്ങും വെച്ച മരക്കമ്പുകള്‍,

ചുമരെന്നു പറയാന്‍ നാലുവരിയോളം സിമന്റ് തേയ്ക്കാതെ എടുത്തു വെച്ച ചെങ്കല്ലുകള്‍, മേല്‍ക്കൂരയ്ക്ക് താങ്ങായി അകത്തും

കുത്തി നിര്‍ത്തിയ മരക്കമ്പുകള്‍-ഇതാണ് തഞ്ചാവൂരുകാരന്‍ വടവമ്മാള്‍ എന്ന പനീര്‍ താമസിക്കുന്ന സ്ഥലം.

ഒരൊറ്റ നോട്ടത്തില്‍ മനസ്സിലാവും ആ ഷെഡിനുള്ളില്‍ ഒരു മനുഷ്യന് നിവര്‍ന്നൊന്ന് നില്‍ക്കാന്‍ പോലുമാവില്ല.

കുറുമാത്തൂര്‍ പഞ്ചായത്തിലെ ഡയറിയിലാണ് ഇദ്ദേഹം അനാഥാവസ്ഥയില്‍ താമസിക്കുന്നത്.

75 വയസ്സിലധികം പ്രായം തോന്നിക്കുന്ന ഒരു മനുഷ്യന്‍ ആ ഷെഡില്‍ താമസിക്കുന്നു.

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ തിരുത്തുറൈപ്പൂണ്ടി താലൂക്കില്‍ മേലനമ്മൈ കുറിച്ചി എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും 39 വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തി.

കടത്തിണ്ണകളിലും ചില സുഹൃത്തുക്കളുടെ വീടുകളിലും, റോഡരികിലും കിടന്നുറങ്ങി.

ഇപ്പോള്‍ 5 വര്‍ഷത്തിലധികമായി സ്വന്തമല്ലാത്ത ഈ സ്ഥലത്ത് ഇങ്ങനെ ഒറ്റയ്ക്ക് താമസിക്കുന്നു.

ആധാറില്ല, വോട്ടര്‍ പട്ടികയില്‍ പേരില്ല, റേഷന്‍ കാര്‍ഡില്ല. സാധ്യമായ ജോലികളെല്ലാം ചെയ്യും, റബ്ബര്‍ ടാപ്പിങ്ങാണ് പ്രധാന ജോലി.

അതില്ലാത്ത സമയത്ത് മറ്റ് ജോലികളുമെടുക്കും. ഈ പ്രായത്തില്‍ എന്തെങ്കിലും അസുഖം വന്നാല്‍ ഒന്ന് കാലു തട്ടി വീണാല്‍ കയറി

കിടക്കാന്‍ സുരക്ഷിതമായ ഒരിടം ആ മനുഷ്യനില്ല. മുണ്ടൊന്ന് നേരെയുടുക്കണമെങ്കില്‍ ഷെഡിന് വെളിയില്‍ വരണമെന്ന് അയാള്‍ നിസ്സഹായതയോടെ പറയുന്നു.

ഇദ്ദേഹത്തിന്റെ വാക്കുകളും നോട്ടങ്ങളും ചോദ്യങ്ങളുടെ കുന്തമുനകളായി ആരുടെ നേരെയാണ് ഉയരുന്നത്.

അതിദരിദ്രരെ കണ്ടെത്താന്‍ സര്‍വേ നടത്തിയവരുടെ കണ്ണുകളിലൊന്നും പനീര്‍ എന്ന ഈ വയോധികന്‍ കടന്നുവന്നതേയില്ല.

ഇദ്ദേഹത്തിന്റെ ദുരിതജീവിതം ചെങ്ങളായി പഞ്ചായത്ത് സെക്രട്ടെറിയും കുറുമാത്തൂര്‍ സ്വദേശിയുമായ കെ.കെ.രാജേഷിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് നാട്ടുകാരുടെ ഇടപെടലുണ്ടായത്.

തമിഴ്‌നാട്ടില്‍ ഇദ്ദേഹത്തിന്റെ ബന്ധുക്കളാരെങ്കിലുമുണ്ടോ എന്ന് അന്വേഷണം നടത്തുന്നതോടൊപ്പം പ്രദേശത്തെ യുവാക്കള്‍ പുതിയ താമസസൗകര്യമൊരുക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.