നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്
ചെന്നൈ: നടന്‍ വിജയ് രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറത്തെ വിക്രവണ്ടിയില്‍ വൈകിട്ട് നാല് മണിക്ക് സമ്മേളനം ആരംഭിക്കും. സമ്മേളനത്തില്‍ അധ്യക്ഷന്‍ വിജയ് തമിഴക വെട്രി കഴകത്തിന്റെ നയവും ലക്ഷ്യവും പ്രഖ്യാപിക്കും. സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
110 അടി ഉയരത്തിലുള്ള കൊടിമരത്തില്‍ റിമോട്ട് ഉപയോഗിച്ചാണ് വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തുക. 600 മീറ്റര്‍ റാംപിലൂടെ നടന്ന് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത ശേഷം വേദിയിലെത്തും. പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയില്‍ സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് തമിഴ്നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ്.
5000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. വിജയ്യ്ക്കും മറ്റു വിശിഷ്ടാതിഥികള്‍ക്കുമായി 5 കാരവനുകളും സജ്ജീകരിച്ചിട്ടുണ്ട്. അഞ്ചുലക്ഷം പേര്‍ സമ്മേളന നഗരിയില്‍ എത്തുമെന്നാണ് പ്രതീക്ഷ. തമിഴ്‌നാടിനു പുറമേ കേരളം, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരാധകരും സമ്മേളനത്തിനെത്തും. മദ്യപിച്ചെത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്ന് പാര്‍ട്ടി അറിയിച്ചു.
ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു പാര്‍ട്ടി പതാക ഗാനത്തിലൂടെ നേരത്തെ തന്നെ വിജയ് വ്യക്തമാക്കിയതാണ്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതി എങ്ങോട്ടെന്ന് ഉറ്റു നോക്കുകയാണ് തമിഴക രാഷ്ട്രീയം.