വിരുന്നുകാരി എത്തിയിട്ട് 54 വര്‍ഷം.

സംവിധായകന്‍ വേണു കഥ, തിരക്കഥ, രചിച്ച് നിര്‍മ്മിച്ച സിനിമയാണ് 1969 ഡിസംബര്‍ 10 ന് റിലീസ് ചെയ്ത വിരുന്നുകാരി. സിനിമ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 54 വര്‍ഷം തികയുന്നു. പ്രേംനസീര്‍, മധു, ജയഭാരതി, ഷീല, അടൂര്‍ഭാസി, കെ.പി.ഉമ്മര്‍, ശങ്കരാടി, കടുവാക്കുളം, അംബിക, സുകുമാരന്‍, വിധുബാല, മുത്തയ്യ, എം.എസ്.നമ്പൂതിരി, ശ്രീലത, ലക്ഷ്മി, ടി.ആര്‍.ഓമന എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ശാന്തശ്രീയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട സിനിമ വിതരണം ചെയ്തത് തിരുമേനി പിക്‌ച്ചേഴ്‌സ്. പി.ജെ.ആന്റണിയാണ് സംഭാഷണം എഴുതിയത്. ടി.എന്‍.കൃഷ്ണന്‍കുട്ടിനായര്‍ ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. കെ.ബാലനാണ് കലാസംവിധായകന്‍. എസ്.എ.നായര്‍ പരസ്യം. പി.ഭാസ്‌ക്കരന്റെ വരികള്‍ക്ക് ഈണം പകര്‍ന്നത് എം.എസ്.ബാബുരാജ്.

പ്രൈമറി സ്‌ക്കൂള്‍ അദ്ധ്യാപകനായ രാഘവമേനോന്റെ കുടുംബം ഭാര്യ കല്യാണിയമ്മയും, മക്കള്‍ മാധവന്‍ കുട്ടിയും, മാലതിയും, ശാന്തയുമുള്‍പ്പെട്ടതാണ്. സ്ഥലത്തെ പഞ്ചായത്താഫീസിലെ ഹെഡ് ക്ലാര്‍ക്ക് അനന്തകൃഷ്ണയ്യരുടെ വീട്ടില്‍ വാടകയ്ക്കാണ് മേനോനും കുടുംബവും താമസിച്ചിരുന്നത് ബി.എ.പാസായി തൊഴിലില്ലാതെ മാധവന്‍കുട്ടി അലഞ്ഞുനടക്കുന്നു, മാധവന്‍ കുട്ടിയുടെ ഉറ്റസുഹൃത്തായിരുന്ന സുരേന്ദ്രനെ മാലതി പ്രണയിക്കുന്നുണ്ട്.
ഈയവസരത്തിലാണ് രാഘവമേനോന്റെ ഒരു സുഹൃത്തിന്റെ മകളായ രാധ ബ്ലോക്കാഫീസില്‍ ജോലികിട്ടി മേനോന്റെ വീട്ടില്‍ താമസമാക്കിയത്. രാധയെ കണ്ടമാത്രയില്‍ത്തന്നെ സുരേന്ദ്രന്‍ അവളില്‍ അനുരക്തനായി. ഹൃദയത്തിന്റെ എല്ലാ വാതിലുകളും തുറന്നിട്ട് അവന്‍ രാധയ്ക്കുവേണ്ടി കാത്തിരുന്നു. കുടുംബത്തിലെ ഒരംഗമെന്ന നിലയില്‍ എല്ലാ സുഖദുഃഖങ്ങളിലും പങ്കു ചേരുവാന്‍ രാധയ്ക്ക് അധികകാലം വേണ്ടിവന്നില്ല. രാധയ്ക്ക് സുരേന്ദ്രനോട് ഒരു പ്രത്യേക പ്രതിപത്തിയുണ്ടായിരുന്നു.

മാലതി സുരേന്ദ്രനെ ഗാഢമായി പ്രണയിക്കുന്നത് മനസിലാക്കിയ മേനോന്‍ അവര്‍ തമ്മിലുള്ള വിവാഹത്തിന് അനുവാദം കൊടുത്തു. രാധയുടെ നിര്‍ബ്ബന്ധപ്രകാരം സുരേന്ദ്രന്‍ മാലതിയെ വിവാഹം കഴിച്ചു. കല്യാണിയമ്മക്ക് മാലതിയേക്കാള്‍ പ്രിയം ഇളയമകള്‍ ശാന്തയോടായിരുന്നു. ശാന്തയാകട്ടെ അടുത്ത വീട്ടിലെ പണിക്കരുടെ മകന്‍ സേതുവുമായി അടുത്ത ബന്ധം പുലര്‍ത്തിപ്പോന്നു. അവരുടെ ആ ബന്ധത്തില്‍നിന്നു് ശാന്ത ഗര്‍ഭിണിയായി. വിവരം നാട്ടുകാരും വീട്ടുകാരും അറിഞ്ഞു. മാസ്റ്ററും കല്യാണിയമ്മയും നിര്‍ബ്ബന്ധിച്ചിട്ടും മര്‍ദ്ദിച്ചിട്ടും അപരാധി ആരാണെന്നുപറയുവാന്‍ ശാന്ത കൂട്ടാക്കിയില്ല. വിവരമറിഞ്ഞ് ഭീരുവായ സേതു ഒഴിഞ്ഞുമാറി. നല്ലവളായ രാധ ഇക്കാര്യത്തിലും ഇടപെട്ടു. അവള്‍ പണിക്കരെ സമീപിച്ച് വിവരങ്ങള്‍ ധരിപ്പിച്ചു. നാട്ടുപ്രമാണിയായ പണിക്കര്‍ സേതുവിനെക്കൊണ്ട് ശാന്തയുമായുള്ള വിവാഹത്തിനു സമ്മതിപ്പിച്ചു.

വീട്ടുവാടകക്കുവേണ്ടി മാസ്റ്ററെ അനന്തകൃഷ്ണയ്യര്‍ ബുദ്ധിമുട്ടിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തിലും രാധയാണ് കുടുംബത്തിന്റെ സഹായത്തിനെത്തിയത്. അങ്ങനെ പലവിധത്തിലും മാസ്റ്ററുടെ കുടുംബത്തിനു താങ്ങും തണലുമായി വര്‍ത്തിച്ചുപോന്നിരുന്നുവെങ്കിലും സുരേന്ദ്രനൊഴിച്ച് ആര്‍ക്കും രാധയോട് ഇഷ്ടമില്ലായിരുന്നു. കുടുംബത്തിന്റെ ശത്രുവാണ്് രാധയെന്നുപോലും കല്യാണിയമ്മ പ്രഖ്യാപിച്ചു.തന്റെ സുഖജീവിതത്തിനു് ഒരു വിലങ്ങുതടിയാണ്് രാധയെന്നു് മാലതിയും വിശ്വസിച്ചു.
താന്‍ ആ കുടുംബത്തില്‍ ഒരധികപ്പറ്റായി അനുഭവപ്പെടുന്നതു് രാധയെ വല്ലാതെ വ്യാകുലപ്പെടുത്തി.അവള്‍ അവസാനം അവിടെനിന്നും വിട്ടുപോകുവാന്‍ തീരുമാനിച്ചിറങ്ങി. മാധവന്‍കുട്ടി മാത്രമേ രാധയ്ക്കുവേണ്ടി വാദിക്കുവാന്‍ തയ്യാറായുള്ളു. വീട്ടില്‍നിന്നും ഇറങ്ങിപ്പോയ രാധയെ മാധവന്‍കുട്ടി തിരിച്ചുവിളിച്ചുകൊണ്ടുവരുന്നതോടെ ചിത്രം അവസാനിക്കുന്നു.

ഗാനങ്ങള്‍-

1-അമ്പാടിപെണ്ണുങ്ങളോട്-പി.ലീല.
2-ചുമലില്‍ സ്വപ്‌നത്തിന്‍-യേശുദാസ്.
3-ഇന്നലെ ഞാനൊരു സ്വപ്‌നശലഭമായ്-സി.ഒ.ആന്റോ, എസ്.ജാനകി.
4-മുറ്റത്തെ മുല്ലതന്‍-എസ്.ജാനകി.
5-പോര്‍മുലക്കച്ചയുമായി-പി.ലീല.
6-വാസന്തസദനത്തിന്‍-ജയചന്ദ്രന്‍.