പാമ്പ് പിടിത്തം ഒരു ദ്രോഹമാണ്-പാമ്പ് സംരക്ഷണമാണ് സേവനവും പുണ്യ പ്രവര്‍ത്തിയും-വിജയ് നീലകണ്ഠന്‍

തളിപ്പറമ്പ്: മൈക്കിന് പകരം പാമ്പിനെ പ്രദര്‍ശിപ്പിച്ച് ക്ലാസെടുത്ത വാവാസുരേഷിനെതിരെ വിമര്‍ശനവുമായി പാമ്പ് സംരക്ഷകനും ഉരഗ ഗവേഷകനുമായ വിജയ് നീലകണ്ഠന്‍ രംഗത്ത്.

പാമ്പ് പിടുത്തവും പാമ്പ് സംരക്ഷണവും രണ്ടും രണ്ടാണെന്ന തിരിച്ചറിവുണ്ടാകണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഒരു പാമ്പിനെ പിടിക്കുമ്പോള്‍ ചെറിയ ഒരു ശതമാനം മാത്രമാണ് പാമ്പുകളുടെ ശരീര ശാസ്ത്രം നോക്കുന്നത്.

പിടിക്കുമ്പോള്‍ പാമ്പുകളുടെ ശരീരഘടന മനസിലാക്കി പാമ്പുകള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയില്‍ എത്രയും വേഗം പാമ്പിനെ അവിടെ നിന്ന് മാറ്റി ജനങ്ങളുടെ ഭീതി അകറ്റിയാല്‍ മാത്രം സംരക്ഷണമാവില്ല.

പേടിച്ചു നില്‍ക്കുന്ന മനുഷ്യരുടെ മുന്നില്‍ നിന്നും പാമ്പിനെ പിടിച്ച് മാറ്റിയത് കൊണ്ട് പാമ്പിനെയും അത് പോലെ മനുഷ്യരുടെ ജീവന്‍ സംരക്ഷിച്ചു എന്ന ബോധം ശരിയല്ല.

മറ്റുള്ളവരുടെ മുന്നില്‍ ഹീറോ ആവാം പ്രിങ്കരനാവാം. പക്ഷേ സത്യാവസ്ഥ ഇതല്ല. പാമ്പിന്റെ ശരീര ശാസ്ത്രത്തിനേക്കാള്‍, പല മറ്റ് മര്യാദക്കള്‍ക്കും പ്രാധാന്യം ഒരു പാമ്പ് സംരക്ഷകന്‍ നല്‍കണം.

പാമ്പിന്റെ ആവാസ വ്യവസ്ഥ എന്ന് പറയുന്നത് ഉള്‍കാട് മാത്രമല്ല. ഇന്ത്യയില്‍ കാണുന്ന 110 ഇനങ്ങളില്‍ ഭൂരിഭാഗവും നമ്മള്‍ താമസിക്കുന്ന ആവാസ വ്യവസ്ഥയില്‍ നൂറ്റാണ്ടുകളായി ജീവിച്ചു വരുന്നവരാണ്.

ഇതില്‍ 45 ഇനങ്ങള്‍ക്ക് മാത്രമാണ് വിഷമുള്ളത്. അത് കാരണം പറമ്പില്‍ കാണുന്ന ഒരു പാമ്പിനെ പിടിച്ച് ഉള്‍ക്കാടുകളില്‍ വിടാന്‍ പാടില്ല.

മനുഷ്യര്‍ക്ക് പല രോഗകാരണങ്ങള്‍ക്കും വഴിയൊരുക്കുന്ന എലി, പെരുച്ചാഴി മറ്റ് മനുഷ്യന് ശല്യമാവുന്ന ജീവികളെ ഭക്ഷിക്കുന്ന പാമ്പുകളെ പിടിച്ച് ദൂരെ കൊണ്ട് വിടുന്ന രീതി ഒരിക്കലും സംരക്ഷണമല്ല.

അത് പോലെ ഇര വിഴുങ്ങി ഇരിക്കുന്ന പാമ്പ്, മുട്ട ഇട്ടിരിക്കുന്ന പാമ്പുകളെ ഒന്നും തന്നെ ഒരു പാമ്പ് സംരക്ഷകന്‍ പിടിക്കാതെ, അവിടെ ഉള്ള ജനങ്ങള്‍ക്ക് അറിവ് നല്കി മനുഷ്യരെ ബോധവല്‍ക്കരിച്ചു അവരുടെ ഭയത്തെ മാറ്റിയെടുക്കണം.

ഇതൊക്കെ അര്‍ബന്‍ വൈല്‍ഡ് ലൈഫിന്റെ ഭാഗമാണ്. നഗരങ്ങള്‍ വികസിക്കുന്നതിടൊപ്പം ജനവാസ മേഖലകളിലെ വന്യജീവികളുടെ അതിജീവനം ചോദ്യപെടുകയാണ്,

വംശനാശ   ഭീഷണിയിലാണ് പല ജീവികളും. ഒരു പാമ്പ് പിടുത്തകാരന്‍ പാമ്പ് സംരക്ഷകരാകുമ്പോള്‍ മാത്രമേ പ്രശ്‌നങ്ങല്‍ക്ക് പരിഹാരമാവൂ എന്നും വിജയ് നീലകണ്ഠന്‍ പറഞ്ഞു.