പയ്യന്നൂരില്‍ എല്‍. ഡി.എഫ് സംഘര്‍ഷത്തിന് ശ്രമിക്കുന്നു-വി.കുഞ്ഞികൃഷ്ണന്‍

പയ്യന്നൂര്‍: കളങ്കിതനായ വ്യക്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയതിനാല്‍ മാത്രമാണ് മല്‍സര രംഗത്ത് ഇറങ്ങിയതെന്ന് പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.കുഞ്ഞികൃഷ്ണന്‍.

പയ്യന്നൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് വ്യാപകമായി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തുന്നതായും യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ വി.കുഞ്ഞികൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസം ചുവരെഴുത്ത് മായ്ച്ച് എഴുതിയതും തിങ്കളാഴ്ച രാത്രിയില്‍ ചുവരെഴുത്തില്‍ യു.ഡി.എഫ് എന്ന് എഴുതി ചേര്‍ത്തതും ഇതിന്റെ ഭാഗമാണ്.

ഞാന്‍ ഏത് മുന്നണിയുടെ സ്ഥാനാര്‍ഥിയാണെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഇതിനുള്ള അവകാശം എല്‍.ഡി.എഫിനില്ല. യു.ഡി.എഫ് പിന്തുണക്കുമെന്നറിയിക്കുന്നതിന് മുമ്പുതന്നെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പിന്നീടാണ് യു.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചത്.എല്ലാ ദിവസവും ഓരോരോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. തന്നെ പ്രത്യേക അറയില്‍ മാറ്റി കെട്ടാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. സി.പി.എം വോട്ടുചോര്‍ച്ച തടയാനാണിത്.

കോണ്‍ഗ്രസ്, ലീഗ് കക്ഷികളുടെ വോട്ടു വാങ്ങാന്‍ തന്നെയാണ് തീരുമാനം. കുഞ്ഞാലിയുടെ കൊലയാളി എന്നു പറയുന്നവരുടെ വോട്ടു വാങ്ങുകയും അവരോടൊപ്പം ഭരണം പങ്കിടുകയും ചെയ്ത സി.പി.എമ്മിന് യു.ഡി.എഫ് വോട്ടു വാങ്ങുന്നതിനെ എതിര്‍ക്കാന്‍ എന്ത് ധാര്‍മികമായ അവകാശമാണുള്ളത്? രാമന്തളിയില്‍ ഒ.കെ.കുഞ്ഞിക്കണ്ണനെ കൊലപ്പെടുത്തിയവരുടെ വോട്ടും സി.പി.എം വാങ്ങി.
സി.പി.എമ്മിന് ആവാം മറ്റുള്ളവര്‍ക്ക് പാടില്ല എന്നതിന് എന്തു ന്യായീകരണം.

സി.പി.എമ്മിന് നിലവിലുള്ള നാല് എം.പിമാരില്‍ തമിഴ്‌നാട്ടിലെ രണ്ടു പേരും രാജസ്ഥാനിലെ ഒരാളും കോണ്‍ഗ്രസ് വോട്ടു നേടിയാണ് വിജയിച്ചതെന്നും കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു.