തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളി ധര്‍മ്മടം പോലീസിന്റെ പിടിയിലായി-

ധര്‍മ്മടം: 38 പവന്‍ സ്വര്‍ണവും പണവും വാങ്ങി ധര്‍മ്മടം സ്വദേശിയെ വഞ്ചിച്ച പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു.

തോട്ടട കിഴുന്ന ബീനാലയത്തിലെ അശോകന്‍(55)നെയാണ് ഇന്ന് കണ്ണൂര്‍ ടൗണില്‍ വെച്ച് ധര്‍മടം പോലീസ് അറസ്റ്റ് ചെയ്തത്.

2014 ല്‍ ധര്‍മ്മടം സ്വദേശി കെ.നൗഷാദിന്റെ 38 പവനോളം സ്വര്‍ണ്ണാഭരണങ്ങളും പണവും വാങ്ങിതിരിച്ചു കൊടുക്കാതെ വഞ്ചിച്ചതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ കേസെടുത്തത്.

അന്വേഷണ ഘട്ടത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ പിന്നീട് മുങ്ങിയതിനെ തുടര്‍ന്ന് കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

ധര്‍മ്മടം എസ്.എച്ച് ഒ ടി.പി.സുമേഷിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് എസ്.ഐ കെ.ശ്രീജിത്ത് സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.നിധിന്‍, പി.സനീഷ്,

കണ്ണൂര്‍ റൂറലിലെ സിവില്‍ പോലീസ് ഓഫീസര്‍ ധനേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ്് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒരു മാസമായി പ്രതിയുടെ നീക്കങ്ങള്‍ സൈബര്‍ ടീമും ധര്‍മ്മടം പോലീസും നിരീക്ഷിച്ച് വരികയായിരുന്നു.