മാലിന്യം തള്ളുന്നത് തടഞ്ഞയാള്‍ക്ക് മാലിന്യവണ്ടി ഇടിച്ച് പരിക്കേറ്റു.
തളിപ്പറമ്പ്: മാലിന്യം തള്ളാനുള്ള ശ്രമം തടഞ്ഞ മാലിന്യ സംസ്‌ക്കരണ സോഷ്യല്‍ ഓഡിറ്റ് ടീം കണ്‍വീനര്‍ക്ക് വാഹനമിടിച്ച് പരിക്കേറ്റു.

ആന്തൂര്‍ നഗരസഭയിലെ തവളപ്പാറ കടമ്പേരി റോഡിലെ പി.വി മുരളീധരനാണ്(56)പരിക്കേറ്റത്.
ചൊവ്വാഴ്ച വൈകുന്നേരം മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിക്ക് സമീപത്ത് തവളപ്പാറ-കടമ്പേരി റോഡിലാണ് സംഭവം നടന്നത്.
മുരളീധരന്‍ വീടിന് സമീപം നില്‍ക്കുമ്പോഴാണ് കെ.എല്‍ 13 എം 4917 ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ മാലിന്യവുമായി എത്തിയത്.
മുരളീധരന്‍ ഇത് ചോദ്യം ചെയ്യുകയും ഓട്ടോറിക്ഷ തടയുകയും ചെയ്യുന്നതിനിടയില്‍ ഓട്ടോ മുന്നോട്ടെടുത്തപ്പോള്‍ ഓട്ടോയില്‍ കുടുങ്ങിപ്പോയ മുരളിധരന് റോഡില്‍ വീണ് താടിയെല്ലിനും കൈക്കും ഗുരുതര പരിക്കേറ്റു.
തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുരളീധരന്റെ താടിയെല്ലിനും കൈക്കും ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
മാലിന്യം തള്ളാനെത്തിയ ഓട്ടോ പോലിസ് പിടികൂടി. ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
പരിക്കേറ്റ മുരളീധരനെ ആന്തൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.മുകുന്ദന്‍, സ്ഥിരം സമിതി അധ്യക്ഷ ഓമന മുരളീധരന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
