നാണക്കേടായില്ലേ—മാനക്കേടായില്ലേ—മാലിന്യം തള്ളിയയാളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്

പെരളശേരി: റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്.

പഞ്ചായത്തിലെ കീഴറ നഴ്‌സിങ് കോളേജ് റോഡിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യം ചാക്കിലും മറ്റുമായി കൊണ്ടുതള്ളിയത്.

നാട്ടുകാര്‍ പഞ്ചായത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് എ.വി ഷീബയുടെയും സെക്രട്ടറി സജിതയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.

മാലിന്യം കൊണ്ടിട്ടയാളെ കുറിച്ച് വിവരം ലഭിച്ചയുടന്‍ വിളിച്ചുവരുത്തി മാലിന്യം തിരിച്ചെടുപ്പിച്ച് പിഴ ഈടാക്കി.

സമ്പൂര്‍ണ ശുചിത്വ പഞ്ചായത്തിനായി വിശദമായ പദ്ധതി രേഖ തയ്യാറാക്കിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് പെരളശ്ശേരി.

ഈ ലക്ഷ്യം കൈവരിക്കാനായി ശുചിത്വ, മാലിന്യ സംസ്‌കരണ രംഗത്ത് ഹരിത കേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി എന്നിവയുമായി സഹകരിച്ച്  പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

അജൈവ മാലിന്യ ശേഖരണത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മസേന പഞ്ചായത്തിലുണ്ട്.

കണ്ണൂര്‍ ജില്ലാ ഭരണ കൂടത്തിന്റെ പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായും വിവിധ ബോധവല്‍ക്കരണ പരിപാടികളും നടന്നു വരുന്നുണ്ട്.

മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വാര്‍ഡ് മെമ്പര്‍മാരെയോ ഹരിത കര്‍മ്മ സേന അംഗങ്ങളെയോ വിവരമറിയിക്കണമെന്ന് പ്രസിഡണ്ട് പറഞ്ഞു.

സീനിയര്‍ ക്ലര്‍ക്ക് കെ. ശ്രീജിത്ത്, അശോകന്‍ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

പഞ്ചായത്തിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇകെ സോമശേഖരന്‍ പറഞ്ഞു.