വിരിഞ്ഞിറങ്ങിയത് 31 നീര്‍ക്കോലിക്കുഞ്ഞുങ്ങള്‍-

തളിപ്പറമ്പ്: വംശനാശ ഭീഷണി നേരിടുന്ന നീര്‍ക്കോലിപാമ്പുകളുടെ മുട്ടകള്‍ വിരിഞ്ഞു.

ഫിബ്രവരി 17 ന് ചവനപ്പുഴ ജോണി എന്നയാളുടെ കൃഷിയിടത്തില്‍ നിന്നാണ് പാമ്പിന്‍ മുട്ടകള്‍ ലഭിച്ചത്.

ഏത് പാമ്പിന്റെ മുട്ടകളാണെന്ന് അറിയാത്തതിനാല്‍ നാട്ടുകാരുടെ ഭയത്തെ തുടര്‍ന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി.സനൂപ്കൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം വനംവകുപ്പിന്റെയും മാര്‍ക്കിന്റെയും റസ്‌ക്യൂവറായ അനില്‍ തൃച്ചംബരമാണ് മുട്ടകള്‍ ശേഖരിച്ച്  സൂക്ഷിച്ചത്.

ഇതില്‍ 31 നീര്‍ക്കോലി കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

ഇനിയും കുറച്ച് മുട്ടകള്‍ കൂടി വിരിയാന്‍ ബാക്കിയുണ്ട്.

വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പാമ്പുകളില്‍ ഒന്നാണ് നീര്‍ക്കോലി.

മുന്‍കാലങ്ങളില്‍ നാട്ടിന്‍പുറത്ത് വയലുകളിലും തോടുകളിലും കുളങ്ങളിലും യഥേഷ്ടം കണ്ടുകൊണ്ടിരിക്കുന്ന നീര്‍ക്കോലികളെ ഇപ്പോള്‍ വളരെ ചുരുക്കം മാത്രമേ കാണാന്‍ സാധിക്കുന്നുള്ളൂ.

പലതരം രാസവസ്തുക്കളും സോപ്പുകളും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള കുളത്തില്‍ നിന്നുള്ള കുളിയും, വയലുകളില്‍ പലതരം കീടനാശിനികള്‍ ഉപയോഗിക്കുന്നതും ആധുനിക രീതിയിലുള്ള യന്ത്രങ്ങളുപയോഗിച്ചുകൊണ്ടുള്ള കൃഷി രീതികളും ഇവരുടെ എണ്ണത്തിന് കുറവ് വരുത്തിയിട്ടുണ്ട്.

അതുപോലെതന്നെ കുളങ്ങളിലും തോടുകളിലും നവീകരണത്തിന്റെ ഭാഗമായി കോണ്‍ക്രീറ്റ് ചെയ്തുകൊണ്ടുള്ള നിര്‍മ്മാണവും ഇവരുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്.

സാധാരണഗതിയില്‍ നീര്‍ക്കോലി പാമ്പുകള്‍ പാടങ്ങളില്‍ കണ്ടുവരുന്ന ചെറിയ മാളങ്ങളിലും തോടുകളുടെയും കുളങ്ങളുടെയും കല്ലുകള്‍ക്കിടയിലും ആണ് മുട്ടയിടാറുള്ളത്.

പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു നീര്‍ക്കോലി പാമ്പ് ഏകദേശം 80 മുതല്‍ 100 വരെയും ചിലപ്പോള്‍ അതില്‍ കൂടുതലും മുട്ടയിടുന്നത് കാണാറുണ്ടെന്നും   അനില്‍ പറഞ്ഞു.