കാട്ടുപോത്തിനെ പിടികൂടാന്‍ രാത്രിയിലും തെരച്ചില്‍

 

തളിപ്പറമ്പ്: കുപ്പം പടവില്‍ പ്രദേശത്ത് ജനവാസകേന്ദ്രത്തില്‍ കാട്ടുപോത്തിനെ കണ്ടെത്തി.

കഴിഞ്ഞ ഒരാഴ്ച്ചയായി ഈ പ്രദേശത്ത് ചുറ്റിത്തിരിയുന്ന കാട്ടുപോത്ത് ഇതേ വരെയായി ആരെയും ഉപദ്രവിച്ചിട്ടില്ല.

ഇന്നലെ വൈകുന്നേരം മുക്കുന്ന് ഭാഗത്തേക്ക് ഓടിയ പോത്തിനെ കണ്ടെത്താന്‍ വനം വകുപ്പ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

രാത്രിയിലും വനംവകുപ്പ് പരിശോധന നടത്തുന്നുണ്ട്.

3 വര്‍ഷം മുമ്പ് പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്തും കാട്ടുപോത്തിനെ കണ്ടെത്തിയിരുന്നു.

തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ വി.രതീശന്റെ നേതൃത്വത്തില്‍ ഇതിനെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കര്‍ണാടക വനത്തില്‍ നിന്ന് കുപ്പം പുഴയിലൂടെയായിരിക്കും കാട്ടുപോത്ത് എത്തിയതെന്നാണ് വനംവകുപ്പിന്റെ അനുമാനം.

ജലക്ഷാമവും കാട്ടുതീയും ഭക്ഷണ ദൗര്‍ലഭ്യം ഉണ്ടാക്കിയതാണ് കാടുകളില്‍ നിന്ന് മൃഗങ്ങള്‍ നാട്ടിലേക്കിറങ്ങാന്‍ കാരണമെന്നാണ് സൂചന.

വേഗത്തില്‍ ഓടുന്ന കാട്ടുപോത്ത് അക്രമകാരിയായതിനാല്‍ പ്രദേശവാസികള്‍ ശ്രദ്ധിക്കണമെന്ന് വനം വകുപ്പ് റേഞ്ച് ഓഫീസര്‍ വി.രതീശന്‍ പറഞ്ഞു.