പയ്യന്നൂര്‍ എംഎല്‍എ ഉള്‍പെട്ട സാമ്പത്തിക തിരിമറിയില്‍ അന്വേഷണം വേണം-യൂത്ത് ലീഗ് ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി.

പയ്യന്നൂര്‍: പയ്യന്നൂരില്‍ എംഎല്‍എ ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ നടത്തിയ സാമ്പത്തിക തിരിമറിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പയ്യന്നൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കി.

ടി.ഐ.മധുസൂതനന്‍ എം.എല്‍.എ, പയ്യന്നൂര്‍ ഏരിയാ കമ്മറ്റി അംഗളായ ടി.വിശ്വനാഥന്‍, കെ.കെ.ഗംഗാധരന്‍, ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടെറി കരുണാകരന്‍, മുന്‍ ഏരിയാ സെക്രട്ടെറി കെ.പി.മധു എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.

മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം രൂപ അപഹരിച്ചു എന്ന തെളിവ് സഹിതമുള്ള പരാതിക്ക് സിപിഎം ഇതുവരെ കൃത്യമായി മറുപടി നല്‍കിയിട്ടില്ല.

ധന്‍രാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം നേതാക്കള്‍ പിന്‍വലിച്ചതിന് ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഉള്‍പെടെയുള്ള തെളിവുകളും വ്യാജ രസീതിന്റെ ചിത്രവുമുള്‍പ്പെടെ പുറത്തുവന്നിട്ടും സിപിഎം എംഎല്‍എയെ സംരക്ഷിക്കുകയാണ്.

ഫണ്ട് മോഷണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ടി.ഐ. മധുസൂധനന്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം.

പയ്യന്നൂര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന ഫണ്ട് വെട്ടിപ്പില്‍ നടപടി ആവശ്യപ്പെട്ട് ആദ്യ പടിയായിട്ടാണ് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പയ്യന്നൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്.