സല്‍മാന് 20 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ.

 

വടകര: കണ്ണൂരില്‍ മെത്താംഫിറ്റമിനും എല്‍.എസ്.ഡി സ്റ്റാമ്പും കടത്തിയ കേസില്‍ പിടിയിലായ പ്രതിക്ക് കോടതി 20 വര്‍ഷം കഠിന തടവും, രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

2022 ആഗസ്റ്റ് മാസം ഒന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

കണ്ണൂര്‍ സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി.ജനാര്‍ദ്ദനന്റെ നേതൃത്വത്തില്‍ കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ചാണ് എട്ടിക്കുളം സ്വദേശിയായ സല്‍മാന്‍ എന്നയാളെ അറസ്റ്റ് ചെയ്തത്.

74.39 ഗ്രാം മെത്താംഫിറ്റമിനും, 1.76 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പും ഇയാളില്‍ നിന്ന് കണ്ടെടുത്തിരുന്നു.

കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന ടി.രാകേഷ് കേസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പിന്നീട് ഉത്തരമേഖലാ എക്‌സൈസ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തു.

ക്രൈംബ്രാഞ്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍.ബൈജു അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രോസിക്യുഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.വി. ലിജേഷ് ഹാജരായി.

വിചാരണ പൂര്‍ത്തിയായപ്പോള്‍ വടകര എന്‍.ഡി.പി.എസ് കോടതി പ്രതിക്ക് മെത്താംഫിറ്റമിന്‍ കൈവശം സൂക്ഷിച്ചതിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും, എല്‍.എസ്.ഡി സൂക്ഷിച്ചതിന് 10 വര്‍ഷം തടവും, ഒരു ലക്ഷം രൂപയും, പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ചു അനുഭവിക്കാം.

പ്രതി റിമാന്റിലിരിക്കെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വാങ്ങിച്ചു നല്‍കാന്‍ കഴിഞ്ഞത് എക്‌സൈസിന് അഭിനന്ദനാര്‍ഹമായ നേട്ടമാണ്.