കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ 3 ഡി പ്രിന്റിംഗ് നൂതന ചികിത്സയും

പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗത്തില്‍ മുഖത്തിന്റെയും താടിയെല്ലുകളുടെയും വൈരൂപ്യങ്ങള്‍, കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ എന്നിവക്കുള്ള ചികിത്സ 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആധുനീകരിച്ചു.

ടെമ്പറോ മാന്‍ഡിബുലാര്‍ ജോയിന്റിനെ (ചെവിയുടെ സമീപമുള്ള കീഴ്ത്താടിയെല്ലിന്റെ സന്ധി ) ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണിത്.

ഈ രോഗത്തിന് പലപ്പോഴും മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ ഫലിക്കാതെ കഠിനമായ വേദന അനുഭവിച്ച് നരകതുല്യ ജീവിതം നയിക്കുന്ന രോഗികള്‍ക്ക് ഇത്തരം അവസ്ഥയില്‍ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ (ജോയിന്റ് റീപ്ലേസ്മെന്റ് സര്‍ജറി) ആണ് ഏറ്റവും ഫലപ്രദം.

സ്വകാര്യ ആശുപത്രികളില്‍ ഈ ശസ്ത്രക്രിയക്ക് വന്‍തുകയാണ് ഈടാക്കി വരുന്നത്. പരിയാരത്ത് ഇത്തരം രോഗികളില്‍ മുഖത്തെ അസ്ഥികളുടെ സി.ടി.സ്‌കാന്‍ എടുത്തശേഷം മുഖത്തിന്റെ മാതൃക 3 ഡി പ്രിന്റിംഗ് ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കുന്നു.

വളരെ ചുരുങ്ങിയ ചെലവിലാണ് നൂതന സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ ചികിത്സ. താടിയെല്ലിനെ ബാധിക്കുന്ന ട്യൂമറുകളുടെ ചികിത്സയിലും ഇപ്പോള്‍ ഇതേ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി വരുന്നുണ്ട്.

ട്യൂമര്‍ ബാധിച്ച മുഖത്തിന്റെ ഭാഗം കമ്പ്യൂട്ടര്‍ പ്രോഗ്രാമറിന്റെ സഹായത്തോടെ നീക്കം ചെയ്യുന്നു. ഇങ്ങനെ നീക്കം ചെയ്ത ഭാഗം ടൈറ്റാനിയം ഉപയോഗിച്ച് 3ഡി പ്രിന്റ് ചെയ്ത് പുനര്‍നിര്‍മിക്കുന്നു.

ട്യൂമര്‍ വളരെ കൃത്യതയോടെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വഴി നീക്കം ചെയ്യാനും നീക്കം ചെയ്ത ഭാഗം അപ്പോള്‍ തന്നെ വൈരൂപ്യങ്ങള്‍ ഇല്ലാതെ പുനര്‍നിര്‍മ്മിക്കാനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം മൂലം സാധ്യമാകുന്നു.

ഇതുവരെ ചെയ്ത ശസ്ത്രക്രിയകളെല്ലാം തന്നെ വന്‍വിജയമായതിന്റെ സന്തോഷത്തിലാണ് പരിയാരത്തെ മാക്‌സിലോഫേഷ്യല്‍ വിഭാഗം മേധാവിയായ ഡോ: സോണിയും ടീമംഗങ്ങളായ ഡോ:ടോണി, ഡോ: ജെറിന്‍, ഡോ.സീന എന്നിവരും.

ചികിത്സാ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടം

ഈയടുത്ത ദിവസം കണ്ണൂര്‍ ജില്ലക്കാരനായ 23 വയസുള്ള യുവാവിന് കീഴ്ത്താടിയെല്ലിന്റെ ഒരു വശത്തിനെ ബാധിച്ച ട്യൂമര്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തുകയും താടിയെല്ലിന്റെ ജോയിന്റ് ഉള്‍പ്പെടെ പുനര്‍ നിര്‍മ്മിക്കുകയും ചെയ്തു. കാല്‍മുട്ട്, ഇടുപ്പ് എന്നീ സന്ധികള്‍ മാറ്റിവെക്കുന്നതു പോലെ താടിയെല്ലിന്റെ സന്ധിയും ഇപ്രകാരം മാറ്റിവെക്കാന്‍ സാധിക്കുന്നത് ചികിത്സാ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടമാണ്. മുഖത്തിന്റെയും താടിയെല്ലുകളുടെയും വിവിധ രോഗങ്ങള്‍, വൈരൂപ്യങ്ങള്‍, മുച്ചിറി, മുറി അണ്ണാക്ക് എന്നിവക്ക് ഏറ്റവും ആധുനികമായ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊണ്ടുള്ള ചികിത്സ ഇവിടെ ലഭ്യമാണ്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ദന്തരോഗ വിഭാഗത്തില്‍ സൗജന്യ നിരക്കില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അതിനൂതനമായ ഈ ചികിത്സാ രീതികളെല്ലാം തന്നെ വടക്കെ മലബാറിലെ ഇത്തരം രോഗങ്ങള്‍ ബാധിച്ച് ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് അങ്ങേയറ്റം ആശ്വാസമേകുന്നതാണ്.

ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ്