മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവര്‍ത്തകര്‍ അറസ്റ്റിലായി, റിമാന്‍ഡിലും.
പഴയങ്ങാടി: മുഖ്യമന്ത്രിക്കും മന്ത്രിസംഘത്തിനും നേരെ പഴയങ്ങാടി എരിപുരത്ത് കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പഴയങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ ചെറുതാഴം സൗത്ത് മേഖലാ പ്രസിഡന്റ് അമല്‍ ബാബു(25), മാടായി ബ്ലോക്ക് ജോ.സെക്രട്ടറി പി.ജിതിന്‍(29), ബ്ലോക്ക് കമ്മറ്റി അംഗം ജി.കെ.അനുവിന്ദ് (25), ചെറുതാഴം മേഖലാ പ്രസിഡന്റ് കെ.റമീസ് എന്നീ പ്രതികളളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വധശ്രമത്തിനാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്. നവംബര്‍ 20 ഇരുപതിന് കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞു മടങ്ങവേ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ച സുധീഷ് വെള്ളച്ചാല്‍, മഹിത മോഹന്‍, രാഹുല്‍ പുത്തന്‍പുരയില്‍, സായി ശരണ്‍, സാബു, മിഥുന്‍ എന്നീ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വധിക്കണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചു എന്ന കേസാണ് പഴയങ്ങാടി പോലീസ് ഇവര്‍ക്കെതിരെ ചുമത്തിയത്. പഴയങ്ങാടി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചുമതലയുള്ള പരിയാരം എസ്.എച്ച്.ഒ പി.നളിനാക്ഷനാണ് കേസന്വേഷണ ചുമതല.