നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മകന് അമ്മയെ തിരിച്ചുകിട്ടി-
പരിയാരം: വീട് വിട്ട് ഇറങ്ങിപ്പോയ അമ്മ നാല് വര്‍ഷങ്ങള്‍ക്ക് ശേഷം മകനുമായി ഒത്തുച്ചേര്‍ന്നു.
കര്‍ണാടക ബിജാപ്പൂരിലെ
ഷണ്മുഖത്തിനാണ് പിലാത്തറ ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസിയായി കഴിയുകയായിരുന്ന അമ്മ
മധുമതിയെ തിരിച്ചു കിട്ടിയത്.
2019 ഒക്ടോബര്‍ 31 ന് സുഹൃത്തിനെ യാത്രയാക്കുവാന്‍ പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയതായിരുന്നു ഹോപ്പ് മാനേജിങ് ട്രസ്റ്റി കെ.എസ്.ജയമോഹന്‍.
സ്‌റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തിയ ഈ സ്ത്രീക്ക് തണലൊരുക്കാന്‍ സഹായിക്കണമെന്ന പയ്യന്നൂര്‍ പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം പോലീസും ഹോപ്പും ചേര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പാര്‍ക്കിന്‍സണ്‍സ് രോഗവും അല്‍ഷിമേഴ്‌സും മാനസിക പ്രശ്‌നങ്ങളും ഉള്ള കന്നഡ മാത്രം സംസാരിക്കുന്ന ഇവരുടെ കുടുംബത്തെ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുകയാല്‍ പരിയാരം മെഡിക്കല്‍ കോളേജ് അധികൃതരുടെ അപേക്ഷയില്‍
കണ്ണൂര്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറിയുടെ നിര്‍ദ്ദേശാനുസരണം ഇവരെ നവമ്പറില്‍ പിലാത്തറ ഹോപ്പ് പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ച് ചികിത്സയും പരിചരണവും നല്‍കി വരികയുമായിരുന്നു.
ആരോഗ്യ നിലയും മനോനിലയും അല്പം മെച്ചപ്പെട്ടപ്പോള്‍ ഹോപ്പില്‍ കൗണ്‍സിലിംഗ് സഹായിയും വളരെക്കാലം കര്‍ണ്ണാടകത്തില്‍ താമസിച്ചിരുന്നയാളുമായ
രാജശ്രീ വിജയകുമാറിന്റെ നിരന്തര പരിശ്രമ ഫലമായി ഇവരുടെ ബിജാപ്പൂരിലുള്ള കുടുംബത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചു.
രണ്ടാമത്തെ മകനായ ഷണ്മുഖത്തിന്റെ മൊബൈല്‍ നമ്പര്‍ കണ്ടത്തിയ ശേഷം പോലീസുമായി ചേര്‍ന്ന് ഷണ്മുഖനുമായി ബന്ധപ്പെട്ട് ഹോപ്പില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് പരിയാരം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍
കെ.വി ബാബുവിന്റെ സാന്നിധ്യത്തില്‍ മധുമതിയെ കര്‍ണാടകയിലുള്ള കുടുംബത്തിലേക്ക് മടക്കി അയച്ചു.
ഇവരുടെ തുടര്‍ ചികിത്സക്കും പുനരധിവാസത്തിനുമുള്ള പൂര്‍ണ്ണ പിന്തുണ തുടര്‍ന്നും ഹോപ്പില്‍ നിന്നുണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പുനല്‍കിയാണ് യാത്രയാക്കിയത്.
അമ്മയുടെയും മകന്റെയും വികാര സാന്ദ്രമായ ഒത്തുചേരലിനു പങ്കാളിയായിക്കൊണ്ട് അനാഥമായി തെരുവില്‍ അവസാനിക്കുമായിരുന്ന ഒരാള്‍ക്കുകൂടി കുടുംബത്തെ വീണ്ടെടുത്തു നല്‍കുവാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യം തന്റെ സര്‍വീസ്
ജീവിതത്തിലെതന്നെ പൊന്‍ തൂവലായാണ് കാണുന്നതെന്നും ഹോപ്പ് വഴി നടത്തുന്ന വിലമതിക്കാനാവാത്ത സേവനങ്ങള്‍ക്ക് തുടര്‍ന്നും തന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്കുന്നുവെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു പറഞ്ഞു