ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തി വീട്ടില്‍നിന്ന് 300 ഗ്രാം സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ന്നു.

കൊച്ചി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന റെയ്ഡിനെത്തി വീട്ടില്‍നിന്ന് 300 ഗ്രാം സ്വര്‍ണവും 1.80 ലക്ഷം രൂപയും കവര്‍ന്നു.

ആലുവ ബാങ്ക് ജങ്ഷന് സമീപം താമസിക്കുന്ന സ്വര്‍ണപണിക്കാരനായ മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ആണ് കവര്‍ച്ചയ്ക്കിരയായത്.

ഇയാളുടെ വീട്ടിലെത്തിയ നാലംഗസംഘം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് അറിയിക്കുകയും വീട്ടില്‍ പരിശോധന നടത്തി സ്വര്‍ണവും പണവും തട്ടിയെടുക്കുകയുമായിരുന്നു.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് മാന്യമായി വസ്ത്രം ധരിച്ച നാലുപേര്‍ സഞ്ജയുടെ വീട്ടിലെത്തിയത്.

ആദായനികുതി വകുപ്പില്‍നിന്നാണെന്നും റെയ്ഡിന് വന്നതാണെന്നുമാണ് ഇവര്‍ അറിയിച്ചത്.

തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചപ്പോള്‍ മൊബൈല്‍ഫോണില്‍ ചില രേഖകള്‍ കാണിച്ചു.

തുടര്‍ന്നാണ് സഞ്ജയുടെ വീട്ടില്‍ക്കയറി നാലംഗസംഘം പരിശോധന ആരംഭിച്ചത്.

ഈ സമയം വീട്ടുകാരുടെ മൊബൈല്‍ഫോണുകള്‍ ഇവര്‍ വാങ്ങിവെച്ചു.

സഞ്ജയോടും ഭാര്യയോടും റെയ്ഡിന് സഹകരിക്കണമെന്നും അഭ്യര്‍ഥിച്ചു.

ഏകദേശം രണ്ടുമണിക്കൂറോളമാണ് സംഘം വീട്ടിനുള്ളില്‍ പരിശോധന നടത്തിയത്.

ഇതിനിടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കൈക്കലാക്കി. സഞ്ജയുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അടക്കമുള്ള രേഖകളും ഇവര്‍ വാങ്ങിയിരുന്നു.

ആദായനികുതി വകുപ്പ് ഓഫീസിലെത്തി കണക്ക് ബോധിപ്പിച്ചാല്‍ പിടിച്ചെടുത്തവയെല്ലാം വിട്ടുനല്‍കാമെന്നും പറഞ്ഞു.

തുടര്‍ന്ന് വീട്ടില്‍നിന്ന് പോകാനിറങ്ങുന്നതിനിടെ സിസിടിവി ക്യാമറയുടെ ഡി.വി.ആറും ഇവര്‍ ചോദിച്ചുവാങ്ങി.

ഇതാണ് ഗൃഹനാഥനില്‍ സംശയമുണര്‍ത്തിയത്. നാലംഗസംഘം വീട്ടില്‍നിന്ന് മടങ്ങിയതിന് പിന്നാലെ സഞ്ജയ് ആലുവ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തിയതോടെയാണ് വന്നത് തട്ടിപ്പുകാരാണെന്നും കവര്‍ച്ചയ്ക്കിരയായെന്നും ബോധ്യമായത്.