സുവര്‍ണ ജൂബിലിക്ക് കാത്തുനില്‍ക്കാതെ കുലപതി യാത്രയായി.
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: തളിപ്പറമ്പിന്റെ സമാന്തര വിദ്യാഭ്യാസ മേഖലയില്‍ വേറിട്ടു നില്‍ക്കുന്ന സ്ഥാപനത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ മൂന്നു വര്‍ഷം കൂടി ബാക്കിയിരിക്കെയാണ് അതികായന്‍ യാത്രയായത്.
1975 ല്‍ തളിപ്പറമ്പ് മാര്‍ക്കറ്റിലെ ഗോദയില്‍ മല്‍സ്യ മാര്‍ക്കന്റിന്റെയും മലഞ്ചരക്ക് മാര്‍ക്കറ്റിന്റെയും മൂക്കുതുളക്കുന്ന ഗന്ധത്തിനിടയിലാണ് ഏതാനും സുഹൃത്തുക്കളോടൊപ്പം എം.വി.പുരുഷോത്തമന്‍ നാഷണല്‍ കോളേജ് ആരംഭിക്കുന്നത്.
നളന്ദ ട്യൂട്ടോറിയല്‍ കോളേജും മില്‍ട്ടണ്‍സ് കോളേജും മാത്രം തളിപ്പറമ്പില്‍ സമാന്തര വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന ഘട്ടത്തിലായിരുന്നു നാഷണല്‍ കോളേജിന്റെ പിറവി.
എസ്.എസ്.എല്‍.സി. പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകളും ഹൈസ്‌കൂള്‍ വിഭാഗത്തിലെ 8,9,10 ക്ലാസുകള്‍ക്കുള്ള ട്യൂഷനുമായിരുന്നു അന്നുണ്ടായിരുന്നത്.
എസ്.എസ്.എല്‍.സി തോല്‍വി കൂടുതലായിരുന്നതിനാല്‍ അന്ന് മുന്നും നാലും ബാച്ചുകളായിരുന്നു ഉണ്ടായിരുന്നത്. 8,9,10 ക്ലാസുകളിലേക്ക് സ്‌കൂള്‍ ഗോയിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യമായി ട്യൂഷന്‍ ആരംഭിച്ചതും ഇവിടെയായിരുന്നു.
15 രൂപയായിരുന്നു അന്ന് ട്യൂഷന് പ്രതിമാസ ഫീസ്. പിന്നീട് പടിപടിയായി പ്രീ-ഡിഗ്രി ക്ലാസുകളും കോളേജ് ഗോയിങ്ങ് സ്റ്റുഡന്റ്‌സിനായി ട്യൂഷന്‍ ക്ലാസുകളും തുടങ്ങി.
കോര്‍ട്ട് റോഡില്‍ സ്വന്തമായി കെട്ടിടം പണിതതോടെ സമാന്തര വിദ്യാഭ്യാസ രംഗത്ത് റഗുലര്‍ കോളേജിന്റെ നിലവാരത്തിലേക്ക് ഉയരാനും നാഷണലിന് കഴിഞ്ഞു.
മികച്ച ഗണിതശാസ്ത്ര അധ്യാപകനായിരുന്ന പുരുഷോത്തമന്‍ മാസ്റ്ററുടെ ക്ലാസിലിരുന്നാല്‍ കണക്കറിയാത്തവനും കണക്ക് പഠിക്കും എന്ന ചൊല്ല് തന്നെയുണ്ടായിരുന്നു അക്കാലത്ത്.
മാത്തിലില്‍ ഗുരുദേവ് കോളേജ് എന്ന പേരില്‍ സ്വന്തമായി അഫിലിയേറ്റ് കോളേജ് ആരംഭിച്ചുവെങ്കിലും നാഷണല്‍ കോളേജില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനായി അതിന്റെ ചുമതല ഒഴിവായി.
നാഷണല്‍ കോളേജിനൊപ്പം ആരംഭിച്ച ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനവും ഇപ്പോള്‍ തളിപ്പറമ്പില്‍ ഇല്ലെന്നറിയുമ്പോഴാണ് പുരുഷോത്തമന്‍ മാസ്റ്റര്‍ എന്ന കുലപതിയുടെ നഷ്ടം അക്ഷരാര്‍ത്ഥത്തില്‍ നികത്താനാവാത്തതായി മാറുന്നത്.