കാട്ടിനകത്ത് തോണിതുഴയാം-അല്‍ഭുതം അപൂര്‍വ്വം–തോണിക്ക് 5 ലക്ഷം-എത്തിക്കാന്‍ 60,000-
കരിമ്പം.കെ.പി.രാജീവന്‍.
തളിപ്പറമ്പ്: കരിമ്പം ഫാമിനകത്ത് തോണി, ചെലവ് അഞ്ചുലക്ഷം, ഫാമിലെത്തിക്കാന്‍ ചെലവായത് 60,000.

പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് വലിയ തോണി എത്തിച്ചത്.
പ്രദര്‍ശനം കഴിഞ്ഞ ശേഷം ഇത് കരിമ്പം ഫാം റസ്റ്റ്ഹൗസ് വളപ്പില്‍ എത്തിക്കുകയായിരുന്നു.
കണ്ണൂരില്‍ നിന്ന് ലോറിയില്‍ കയറ്റിയതും ഇറക്കിയതും ക്രെയിന്‍ ഉപയോഗിച്ചായിരുന്നു.
ഇതിന് മാത്രം ചെലവ് 60,000 രൂപയാണ്.
എന്തിനാണ് കാടുപിടിച്ചു കിടക്കുന്ന ഫാംറസ്റ്റ് ഹൗസിന് സമീപം ഈ തോണി മഴനനയാന്‍ കൊണ്ടുവെച്ചത് എന്ന ചോദ്യത്തിന് ഫാം അധികൃതരുടെ മറുപടി ജില്ലാ പഞ്ചായത്തിനോട് ചോദിക്കണമെന്നാണ്.
ഫാം ടൂറിസവും സൗന്ദര്യവല്‍ക്കരണവും ഉദ്ദേശിച്ചാണ് തോണി കരിമ്പത്ത് എത്തിച്ചതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യനും സ്ഥിരം സമിതി അധ്യക്ഷ യു.പി.ശോഭയും പറയുന്നു.
സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ പ്രദര്‍ശനത്തിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വലിയതോതില്‍ തുക ചെലവഴിച്ചതായാണ് വിവരം.
ജില്ലാ വികസനകാര്യസ്ഥിരം സമിതിയുടെ കീഴില്‍പ്പെടുന്ന കരിമ്പം ഫാമില്‍ വികസന പദ്ധതികള്‍ക്കെന്ന പോരില്‍ കോടിക്കണക്കിന് രൂപയാണ് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായി മാത്രം ചെലവഴിക്കുന്നത്.
അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കൂറ്റന്‍ തോണിയും ഈ വികസനഫണ്ട് ഉപയോഗപ്പെടുത്തി വാങ്ങിയതാണെന്നാണ് സൂചന.
പക്ഷെ, ആവശ്യം കഴിഞ്ഞതോടെ ഇത് കണ്ണൂരില്‍ വെക്കാതെ ആരും പെട്ടെന്ന്എത്തിപ്പെടാത്ത കരിമ്പം ഫാം റസ്റ്റ്ഹൗസ് വളപ്പില്‍ കൊണ്ടുവന്ന് തള്ളുകയായിരുന്നു.
ഇപ്പോള്‍ മഴ പെയ്തു തുടങ്ങിയതോടെ ഇതിന് മുകളില്‍ രണ്ട് പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചുകെട്ടിയിട്ടുണ്ടെങ്കിലും തോണി മഴയില്‍ കുതിരുകയാണ്.
സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികപദ്ധതിക്ക് ഉപയോഗിക്കാന്‍ ഏതായാലും പത്തുലക്ഷം മുടക്കി പുതിയ തോണി വാങ്ങാമല്ലോ എന്നാണ് നാട്ടുകാര്‍ പറയുന്നത്.
ജില്ലാ പഞ്ചായത്തിന്റെ ഫണ്ട്, തോണി സൂക്ഷിക്കാന്‍ കാട്, വലിയെടാവലി-പത്ത്പുത്തനിങ്ങ് വരട്ടെ.
