മോഷ്ടിച്ച കാര്‍ കിട്ടി, പ്രതികള്‍ വലയില്‍
പരിയാരം: കാര്‍ മോഷണക്കേസില്‍ പ്രതികള്‍ പോലീസ് വലയിലായി.

2021 നവംബര്‍ 30 ന് അലക്യംപാലം ഗവ.ആയുര്‍വേദ കോളേജിന് സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് മോഷണം പോയ കാര്‍ ഇന്ന് രാവിലെ തമിഴ്‌നാട്ടില്‍ നിന്നും പരിയാരത്ത് എത്തിച്ചു.
പ്രതികളുടെ അറസ്റ്റ് അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് സൂചന.
പ്രിന്‍സിപ്പല്‍ എസ്.ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
കാര്‍ കടത്തിക്കൊണ്ടുപോയ പ്രതികള്‍ പോലീസിന്റെ വലയിലായതായിട്ടാണ് സൂചന.
മേനച്ചൂരിലെ പി.പി അനീഷ്, വി.വി ബിജു എന്നിവരുടെ ഉടമസ്ഥതയിലുള്ള അറബ് മോട്ടോര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നാണ് കെ.എല്‍-59 പി-9832 സ്വിഫ്റ്റ് കാര്‍ കളവു പോയത്.
ഇരിട്ടി കൂട്ടുപുഴയിലെ അലവിക്കുട്ടിയുടേതാണ് കാര്‍. ഇയാളുടെ ബന്ധു മുഹമ്മദ് റാഫി കാര്‍പോളിഷ് ചെയ്യാനായി ഇവിടെ കൊണ്ട് നല്‍കിയതായിരുന്നു.
വര്‍ക്ക്‌ഷോപ്പിന്റെ താക്കോല്‍ സ്ഥിരമായി സൂക്ഷിക്കുന്ന സ്ഥലത്ത് നിന്നെടുത്ത് പൂട്ട് തുറന്നാണ് കാര്‍ കൊണ്ടു പോയത്.
സി.സി.ടി.വി കാമറയുടെ മോണിറ്റര്‍ ഒഴികെയുള്ള സാധനങ്ങളും കവര്‍ച്ചക്കാര്‍ കൊണ്ടു പോയിരുന്നു.
ഈ കേസില്‍ കഴിഞ്ഞ എട്ടുമാസമായി അന്വേഷണം അനിശ്ചിതത്വത്തിലായിരുന്നു.
തമിഴ്‌നാട് ക്രൈംബ്രാഞ്ച് പോലീസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ തിരുവണ്ണാമലൈയില്‍ കണ്ടെത്തിയ കാര്‍ കസ്റ്റഡിയിലെടുത്ത്
അന്വേഷണം നടത്തിയശേഷം കേരളാ പോലീസിന് വിവരം നല്‍കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പരിയാരം എസ്.ഐ കെ.വി.സതീശന്‍, സീനിയര്‍ സി.പി.ഒ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള
പോലീസ് സംഘം തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലെത്തി കാര്‍ കസ്റ്റഡിയിലെടുത്ത് ഇന്ന് രാവിലെയാണ് പരിയാരത്ത് എത്തിച്ചത്.
