പാലത്തിന്‍മേല്‍ എസ്.ഡി.പി.ഐയുടെ കമ്പവലി മല്‍സരം സി.പി.എം തടഞ്ഞു.

പരിയാരം: പാലത്തിന്‍ മേല്‍കമ്പവലി മല്‍സരം നടത്താനുള്ള എസ്.ഡി.പി.ഐ ശ്രമം സി.പിഎമ്മിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു.

ഇന്ന് വൈകുന്നോരം അഞ്ചോടെയാണ് സംഭവം നടന്നത്. എസ്.ഡി.പി.ഐ പരിയാരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് കുറ്റ്യേരി പാലത്തിന് മുകളില്‍ കമ്പവലി മല്‍സരം നടത്താന്‍ ശ്രമിച്ചത്.

എന്നാല്‍ പൊതുഗതാഗതം തടഞ്ഞുകൊണ്ട് പാലത്തിന്‍മേല്‍ കമ്പവലി മല്‍സരം നടത്താന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് സി.പി.എം പ്രവര്‍ത്തകരും നാട്ടുകാരും മല്‍സരം തടഞ്ഞത്.

പാലത്തില്‍ ഉയര്‍ത്തിയ കൊടികള്‍ നീക്കംചെയ്യണമെന്നും ആവശ്യപ്പെട്ടു.

എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഇതിന് തയ്യാറാവാതിരുന്നതോടെ സംഘര്‍ഷമുണ്ടാകുമെന്നറിഞ്ഞ് പരിയാരം എസ്.ഐ നിബിന്‍ ജോയിയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി.

ഒടുവില്‍ കമ്പവലി റോഡിലേക്ക് മാറ്റാന്‍ എസ്.ഡി.പി.ഐ തയ്യാറായെങ്കിലും പോലീസ് അതും അനുവദിച്ചില്ല.

ഒടുവില്‍ തൊട്ടടുത്തുള്ള ഒരു ഗ്രൗണ്ടിലേക്ക് മല്‍സരം മാറ്റിയതോടെയാണ് സംഘര്‍ഷം ഒഴിവായത്.

പാലത്തില്‍ സ്ഥാപിച്ച എസ്.ഡി.പി.ഐ കൊടികളും പ്രവര്‍ത്തകര്‍ നീക്കംചെയ്തു.

ഏരിയാ സമ്മേളനം നടക്കുന്ന വായാടും പരിസരത്തും ശക്തമായ പോലീസ് സാന്നിധ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.