പി.കെ. സുബൈര്‍:സീതിസാഹിബ് സ്‌കൂളിന് ആധുനിക മുഖം നല്‍കിയ മാനേജര്‍

കെ.എം.ആര്‍- തളിപ്പറമ്പ്

 

      സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ കാലം മാനേജര്‍ പദവി വഹിച്ചവരില്‍ രണ്ടാമനായ പി കെ സുബൈറിന്റെ 9 കൊല്ലം സുവര്‍ണ്ണ കാലഘട്ടം.

വഖഫ് ബോര്‍ഡിന്റെ അന്യായ ഇടപെടല്‍ ചോദ്യം ചെയ്ത് നിയമയുദ്ധം ജയിച്ച് പി.കെ.സുബൈര്‍ വീണ്ടും മാനേജറാകുമ്പോള്‍ സീതിസാഹിബ് സ്‌കൂളിന് തിരികെ കിട്ടുന്നത് സ്‌കൂളിന് ആധുനിക മുഖം നല്‍കിയ പ്രഗത്ഭനായ മാനേജരെയാണ്.

ഉന്നത വിദ്യാഭ്യാസ യോഗ്യതയും ആധുനിക വിദ്യാഭ്യാസ വീക്ഷണവുമുള്ള പി.കെ. സുബൈര്‍ 2013 നവംബറിലാണ് സീതിസാഹിബ് സ്‌കൂളിന്റെ മാനേജരായി സ്ഥാനം ഏറ്റെടുക്കുന്നത്.

പരേതനായ കൊങ്ങായി മുസ്തഫയുടെ വിയോഗത്തെ തുടര്‍ന്നായിരുന്നു സുബൈര്‍ മാനേജരായത്.

ഇന്ന് കാണുന്ന മിക്ക ഭൗതിക സൗകര്യങ്ങളും ഇദ്ദേഹത്തിന്റെ കാലയളവില്‍ പണിതുയര്‍ത്തിയതാണ്.

മൂന്നിലൊരുഭാഗം ഹൈസ്‌കൂള്‍ ബ്ലോക്കും നിര്‍മിച്ചത് ഈ സമയത്താണ്. സ്റ്റുഡന്‍സ് ഫ്രണ്ട്‌സ് ടോയ്‌ലറ്റുകളും കംഫര്‍ട്ട് സോണുകളും മികച്ച പാചകപ്പുരയും ഹൈടെക് കോണ്‍ഫറന്‍സ് ഹാളും ആധുനിക സ്‌കൂള്‍ ഓഫീസുകളും ഗാംഭീര്യമുളള ഗേറ്റും സുന്ദരമായ മതിലും പണിതതു.

മാതൃകയാക്കാവുന്ന ലേഡീസ് സ്റ്റാഫ് റൂമിന്റെ പണിയും പൂര്‍ത്തിയാക്കി. ഹൈസ്‌കൂള്‍ ബ്ലോക്ക് മുഴുവന്‍ ടൈല്‍സ് പാകുകയും മുഴുവന്‍ ക്‌ളാസുകള്‍ക്കും ജനലും ഡോറും പണിയുകയും ചെയ്ത സുബൈര്‍ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാക്കി.

സ്‌കൂള്‍ മുഴുവന്‍ പെയിന്റ് ചെയ്ത് മനോഹരമാക്കിയതും ഈ സമയത്തുതന്നെ. സ്‌കൂളിന്റെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്.

ഗുണമേന്മയിലും സ്‌കൂള്‍ ഏറെ മുന്നോട്ടു പോയി. 2013 വരെ രണ്ടക്കം തികയാതിരുന്ന ഫുള്‍ എ പ്ലസ് ഇന്ന് നൂറിനോട് അടുത്തിരിക്കുന്നു. അതിനിടയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷയ്ക്കിരുത്തി 100% വിജയം കൊയ്ത പട്ടികയിലും സ്‌കൂള്‍ ഉള്‍പ്പെട്ടു.

ഈ വര്‍ഷം കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ +2 ഫുള്‍ എ പ്ലസ് ഇവിടെയാണ്. അര നൂറ്റാണ്ട് പിന്നിട്ട സ്‌കൂളില്‍ സുബൈര്‍ വരുന്നതു വരെ വിദ്യാര്‍ത്ഥി സംഘങ്ങളുടെ ഒരൊറ്റ ഒഫീഷ്യല്‍ വിങ്ങും ഉണ്ടായിരുന്നില്ല.

എസ്.പി.സി യും സ്‌കൗട്ടും ഗൈഡും കൊണ്ടുവന്നതും അദ്ദേഹം തന്നെ. പാവപ്പെട്ട കുട്ടികള്‍ക്ക് വീടുകള്‍ പണിതും പ്രളയകാലത്ത് ഒരു നാടിനെ മുഴുവന്‍ പുനരധിവസിപ്പിച്ചും കോവിഡ് കാലത്ത് സംസ്ഥാനത്തിന് തന്നെ മാതൃകയായ വാത്സല്യക്കട നടത്തിയതും

ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സ്‌കൂളിന്റെ കാര്യണ്യമുഖവും കാട്ടിക്കൊടുത്തു. പ്രദേശികമായി ഏരിയ പാരന്റ്‌സ് മീറ്റ് സംഘടിപിച്ചും ഉന്നത വിദ്യാഭ്യാസം ലക്ഷ്യം വെച്ച് NUTS പദ്ധതി തുടങ്ങിയും തുടിപ്പ് മാസികയുടെ പ്രസിദ്ധീകരണം നടത്തിയും വേറിട്ട വഴി വെട്ടി.

പ്ലസ് വണ്‍ മാനേജ്‌മെന്റ് സീറ്റുകള്‍ സീതിയില്‍ നിന്ന് പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് മാത്രമായി റിസര്‍വ് ചെയ്തതും അതില്‍ പകുതി സീറ്റും പാവങ്ങള്‍ക്ക് വേണ്ടി നീക്കിവെച്ചതും സുബൈറിന്റെ ഇടപെടലിലൂടെയായിരുന്നു.

ഒരു കാലത്ത് സംസ്ഥാനതലത്തില്‍ ഏറ്റവും പിന്നോക്കം നിന്ന പത്ത് സ്‌കൂളുകളില്‍ ഒന്നായിരുന്ന സീതി സാഹിബ് ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച 10 വിദ്യാലയങ്ങളുടെ പട്ടികയിലാണ്. സ്‌കൂളിന് ഇന്ന് 70 ഡിവിഷനുകളും 3600 കുട്ടികളുമുണ്ട്.

2018 ല്‍ വഖഫ് ബോര്‍ഡ് നടത്തിയ ട്രസ്റ്റ് തിരഞ്ഞെടുപ്പ് കോടതി കയറിയത് കാരണം ബൈലോ പ്രകാരം തുടരുന്ന 18 അംഗ ഭരണസമിതിയില്‍ നിന്ന് കാലാവധി കഴിഞ്ഞ കാരണവും പറഞ്ഞു മാനേജറായ പി.കെ. സുബൈറിനെ മാത്രം നീക്കിയത് നേരത്തെ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

സി.പി.എമ്മിന്റെ നിയന്ത്രണത്തിലുളള വഖഫ് സംരക്ഷണ സമിതിയുടെ പരാതിയെ തുടര്‍ന്ന് ആദ്യം നടന്ന വഖഫ് ബോര്‍ഡ് പരിശോധനയിലുീ ശേഷം നടത്തിയ ഓഡിറ്റിങ്ങിലും

സുബൈറിനെതിരെ യാതൊരുവിധ പരാമര്‍ശവും ഇല്ലാഞ്ഞിട്ടും, സ്‌കൂളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ഒരു അധികാരവും ഇല്ലാത്ത സുബൈറിനെ നീക്കിയതിന് പിന്നില്‍ കടുത്ത

സിപിഎം വിരുദ്ധ നിലപാട് സ്വീകരിക്കുന്ന നേതാവായ സുബൈറിനോടുള്ള സി.പി.എമ്മിന്റെ പ്രതികാരമാണെന്ന തോന്നലും ലീഗിലുണ്ടായി. അതുകാരണമാണ് സുബൈര്‍ കോടതിയെ സമീപിച്ചതും അനുകൂല വിധി സമ്പാദിച്ചതും.