സുഹൈറിനെ തട്ടിക്കൊണ്ടുപോകല്‍-അഞ്ചുപേര്‍ അറസ്റ്റില്‍
തളിപ്പറമ്പ്: നൂറുകോടി നിക്ഷേപ തട്ടിപ്പ് സംഭവത്തില്‍ പണവുമായി മുങ്ങിയ യുവാവിന്റെ സഹായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍.
വെള്ളാരംപാറ ആയിഷാസിലെ മുഹമ്മദ് സുനീര്‍(28),
മന്നയിലെ കായക്കൂല്‍ മുഹമ്മദ് അഷറഫ്(43),
കാക്കാത്തോട്ടിലെ പാറപ്പുറത്ത് മൂപ്പന്റകത്ത് മുഹമ്മദ് ഷക്കീര്‍(31),
സീതീസാഹിഹ് ഹയര്‍സെക്കണ്ടറി സ്കൂളിന് സമീപത്തെ കൊമ്മച്ചി പുതിയ പുരയില്‍ ഇബ്രാഹിംകൂട്ടി(35),
തളിപ്പറമ്പ് സി.എച്ച്.റോഡിലെ ചുള്ളിയോടന്‍ പുതിയപുരയില്‍ സി.വി.ഇബ്രാഹിം(30)
എന്നിവരെയാണ് തളിപ്പറമ്പ് ഇന്‍സ്പെക്ടര്‍ എ.വി.ദിനേശന് അറസ്റ്റ് ചെയ്തത്.
100 കോടി രൂപയുമായി മുങ്ങിയ യുവാവിന്റെ കൂട്ടാളി പൂമംഗലത്തെ സൂഹൈറിനെ കഴിഞ്ഞ 23 നാണ് ഇവര്‍ തട്ടിക്കൊണ്ടുപോയി അജ്ഞാതകേന്ദ്രത്തില്‍ തടങ്കലിലിട്ടത്.
ഇന്നലെ വൈകുന്നേരം സുഹൈറിന്റെ മാതാവ് ആത്തിക്ക മകനെ കാണാനില്ലെന്ന് കാണിച്ച് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു.
പോലീസ് അന്വേഷണം നടത്തുന്നതായി വ്യക്തമായതിനെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോയവര്‍ സുഹേറിനെ സഹോജരിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് പറഞ്ഞ സുഹൈര്‍ പിന്നീട് തട്ടിക്കൊണ്ടുപോയ കാര്യം പോലീസിനോട് സമ്മതിക്കുകയും പ്രതികളെക്കുറിച്ച് സൂചന നല്‍കുകയും ചെയ്തു.
തുടര്‍ന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയാണ് തട്ടിക്കൊണ്ടുപോയതിന് അഞ്ചുപേര്‍ക്കെതിരെയും കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
100 കോടിയുടെ തട്ടിപ്പ് നടത്തിയ യുവാവിന് പണം നിക്ഷേപമായി നല്കിയവരില് ചിലര്‍ക്ക് വേണ്ടിയാണ് സുഹൈറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.