ക്വാറികള്‍ക്കെതിരെ വീണ്ടും സമരമുന്നറിയിപ്പുമായി സേവ് കേരളാ കാമ്പയിന്‍ കമ്മറ്റി.
കണ്ണൂര്‍: ക്വാറികള്‍ക്കെതിേെര മുന്നറിയിപ്പുമായി സേവ് കേരളാ കാമ്പയിന്‍ കമ്മറ്റി രംഗത്ത്. ചെയര്‍മാന്‍ സോ.ഡി.സുരേന്ദ്രനാഥും കണ്‍വീനര്‍ നോബിള്‍ പൈകടയും പുറപ്പെടുവിച്ച പ്രസ്താവന പൂര്‍ണ രൂപത്തില്‍ ചുവടെ. കണിച്ചാര്‍ വില്ലേജില്‍ പൂളക്കുറ്റി, നെടുംപുറംചാല്‍ മേഖലകളില്‍ ഇക്കഴിഞ്ഞ ഒന്നാം തിയതി നടന്ന ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ എന്നിവയുടെ ഫലമായി ഒരു പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ മരണപ്പെട്ടിരുന്നു. ഇതേ പ്രദേശത്തു തന്നെ 27, 28 തിയതികളിലും ഉരുള്‍ പൊട്ടല്‍ ഉണ്ടായെങ്കിലും ഭാഗ്യവശാല്‍ ജീവാപായം ഉണ്ടായിട്ടില്ല.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഉരുള്‍പൊട്ടല്‍ സാധ്യതാ ഭൂപടത്തില്‍ ഉരുള്‍ പൊട്ടല്‍ മേഖലകളായി ചൂണ്ടിക്കാണിച്ചിട്ടുള്ള പ്രദേശങ്ങളില്‍ തന്നെയാണ് ഇപ്പോഴത്തെ ഉരുള്‍ പൊട്ടലുകള്‍ നടന്നിരിക്കുന്നത്. ഈ പ്രദേശത്തു വര്‍ഷങ്ങളായി കരിങ്കല്‍ ഖനനം നടന്നു വരുന്നുമുണ്ട്. ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്ന ക്വാറിയും, പാരിസ്ഥികാനുമതിയുടെ കാലാവധി അവസാനിച്ചതിനാല്‍ 2021 ജൂണില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ക്വാറിയും ഉരുള്‍ പൊട്ടല്‍ സാധ്യതാ മേഖലയില്‍ തന്നെയാണ്.
ഉരുള്‍പൊട്ടല്‍ മേഖലയിലെ ഖനന പ്രവര്‍ത്തനങ്ങള്‍ ഉരുള്‍പൊട്ടല്‍ സാധ്യതകളെ വര്‍ധിപ്പിക്കുന്നുവെന്ന് സംസ്ഥാന ദുരന്ത നിവാരണ മാസ്റ്റര്‍ പ്ലാന്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതാ ഭൂപടങ്ങള്‍ പരിശോധിച്ചു മാത്രമേ ഇത്തരം പ്രദേശങ്ങളില്‍ ഖനനാനുമതികള്‍ നല്‍കാവൂ എന്ന് ഈ മാസ്റ്റര്‍ പ്ലാനും നിരവധി കോടതി വിധികളും വ്യക്തമാക്കിയിട്ടുള്ളതുമാണ്.
ഈ പ്രദേശത്തു ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന ക്വാറി അതിനോട് ചേര്‍ന്നുതന്നെ മറ്റൊരു വലിയ ക്വാറിക്കായി പാരിസ്ഥിതികാനുമതി തേടി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന് 2018 ല്‍ അപേക്ഷ നല്‍കിയിരുന്നു.അപേക്ഷ പരിശോധിച്ച കേന്ദ്ര വിദഗ്ധസമിതി (Cetnral Expert Appraisal കമ്മിറ്റി)യുടെ 21, 22 ജൂണ്‍ 2018 ലെ യോഗം പ്രസ്തുത അപേക്ഷ നിരസിച്ചിരുന്നു. അതിനു കാരണമായി പറഞ്ഞത് നിലവിലുള്ള ക്വാറിയുടെ അനധികൃത ഖനനമാണ്.
നിലവിലുള്ള പാരിസ്ഥിതികാനുമതിയിലെ പെര്‍മിറ്റ് ഏരിയക്കു പുറത്തും ഖനനം നടക്കുന്നതായി സമിതി കണ്ടെത്തി. അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനോടും സംസ്ഥാന സര്‍ക്കാരിനോടും സമിതി നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ അത്തരത്തിലുള്ള യാതൊരു നടപടികളും സര്‍ക്കാരോ ബന്ധപ്പെട്ട വകുപ്പുകളോ സ്വീകരിച്ചിട്ടില്ല.
ഉരുള്‍പൊട്ടല്‍ മേഖലകളില്‍ വിവേചന രഹിതമായി ഖനനത്തിന് അനുമതി നല്‍കിയ സംസ്ഥാന, ജില്ലാതല പാരിസ്ഥിതികാഘാത നിര്‍ണയ സമിതികളും അനധികൃത ഖനനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചിട്ടുപോലും നടപടിയെടുക്കാത്ത സര്‍ക്കാര്‍ വകുപ്പുകളും കണിച്ചാര്‍ വില്ലേജില്‍ ഉണ്ടായ മൂന്നു ഉരുള്‍പൊട്ടല്‍ മരണങ്ങള്‍ക്കും മറ്റു നാശനഷ്ടങ്ങള്‍ക്കും നേരിട്ട് ഉത്തരവാദികളാണ്.
അതിനാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവണം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതിനാവശ്യമായ നീക്കങ്ങള്‍ അടിയന്തിരമായി നടത്തണം.മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പോലും ദുരന്തനിവാരണ നിയമം പ്രയോഗിക്കുന്ന സംസ്ഥാനസര്‍ക്കാര്‍ പിഞ്ചു കുഞ്ഞിന്റേതടക്കം മൂന്ന് മരണങ്ങള്‍ക്കുത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കാന്‍ ബാധ്യസ്ഥരുമാണ്.
കൂടാതെ, 2010 ല്‍ തയ്യാറാക്കിയ ഇപ്പോഴത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ ഭൂപടങ്ങള്‍ പരിഷ്‌കരിക്കുകയും സംസ്ഥാനത്തെ ഖനന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഉരുള്‍ പൊട്ടല്‍ സാധ്യതാ ഭൂപടങ്ങളുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധനക്കു വിധേയമാക്കുകയും ചെയ്യണം. പൂളക്കുറ്റി, നെടുംപുറംചാല്‍ മേഖലകളിലെ അനധികൃത ഖനനങ്ങള്‍ അവസാനിപ്പിക്കണമെന്നും,
മേഖലയില്‍ പുതുതായി ഖനനാനുമതികള്‍ നല്‍കരുതെന്നും,അനധികൃത ഖനനങ്ങള്‍ക്ക് ഒത്താശ ചെയ്ത്, ദുരന്തങ്ങള്‍ക്ക് വഴി വെച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ദുരന്തത്തിന്റെ മുനമ്പില്‍ നില്‍ക്കുന്ന ഈ ജനതയോട് മുമുഴുവന്‍ ആളുകളും ഐക്യപ്പെടണമെന്നു സേവ് കേരളാ കാമ്പയിന്‍ കമ്മറ്റിക്കുവേണ്ടി ഇരുവരും അഭ്യര്‍ത്ഥിച്ചു.