അവകാശികളെ തോല്‍പ്പിക്കാന്‍ 10 വാള്യങ്ങളുള്ള നോവലുമായി ഭാനുമതി ടീച്ചര്‍, നാലു വാള്യങ്ങള്‍ പുറത്തിറങ്ങി-
കരിമ്പം.കെ.പി.രാജീവന്‍
തളിപ്പറമ്പ്: മലയാളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നോവലുമായി റിട്ട. അധ്യാപിക വി.വി.ഭാനുമതി.
3958 പേജുള്ള വിലാസിനിയുടെ അവകാശികള്‍ക്ക് ശേഷം 2042 പേജില്‍ നാല് വാള്യത്തിലാണ് ഈ നോവല്‍ പരമ്പര.
തമസ്‌കൃതര്‍, ക്രൂശിത, ഉയിര്‍പ്പ്, പ്രഹേളിക എന്നീ പേരുകളിലുള്ള നോവല്‍ 22 വര്‍ഷമെടുത്താണ് ഇവര്‍ എഴുതി തീര്‍ത്തത്.
നോവലിന്റെ അഞ്ചാം വാള്യത്തിന്റെ രചനയിലാണിപ്പോള്‍ 73 കാരിയായ ഭാനുമതി ടീച്ചര്‍.
1999 ലാണ് ആദ്യഭാഗമായ തമസ്‌കൃതരുടെ രചന ആരംഭിച്ചത്.
ചിറക്കല്‍ രാമവിലാസം എല്‍.പി.സ്‌കൂള്‍ അധ്യാപികയായ ഇവര്‍ അന്ന് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ഡി.പി.ഇ.പി പാഠ്യപദ്ധതിയാണ് തന്നിലെ എഴുത്തുകാരിയെ ഉണര്‍ത്തിയതെന്ന വ്യക്തമാക്കുന്നു.
സ്വന്തം കുടുംബത്തിന്റെ ചരിത്രമാണ് ആത്മകഥാപരമായ ഈ നോവലിലൂടെ ഭാനുമതി പകര്‍ത്തിവെക്കുന്നത്.
ഇതിനായി വര്‍ഷങ്ങള്‍ നീണ്ട ഗവേഷണം തന്നെയാണ് ഇവര്‍ നടത്തിയത്.
അഴീക്കോട് ചെമ്മരശേരിപാറയിലെ പൊയ്യക്കര തറവാടിന്റെ ചരിത്രമാണ് 2042 പേജുകളിലായി ഇതള്‍വിരിയുന്നത്.
700 വര്‍ഷം മുമ്പ് തമിഴ്‌നാട്ടിലെ കുംഭകോണത്ത് നിന്നും കേരളത്തിലെത്തിയ പൂര്‍വ്വികരുടെ വേരുകള്‍ തേടി തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലും കൂര്‍ഗ്, ദക്ഷിണകാനറാ, തെക്കന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വിശദമായ പഠനം നടത്തിയിരുന്നു.
കണ്ണൂര്‍ ജില്ലയിലെയും വിവിധ പ്രദേശങ്ങള്‍ ഇതിനായി സന്ദര്‍ശിച്ചു. പ്രത്യേകം അധ്യായങ്ങള്‍ തിരിക്കാതെ തുടക്കംമുതല്‍ ഒടുക്കംവരെ നോവല്‍ ഒരു ചെയിനായി സഞ്ചരിക്കുകയാണ്.
നോവലിന്റെ പരമ്പരാഗത ചിട്ടവട്ടങ്ങളെല്ലാം ഒഴിവാക്കിയാണ് നാല് പുസ്തകങ്ങളുടെയും രചന.
ചരിത്രവും തമാശകളും നാടകീയ മുഹൂര്‍ത്തങ്ങളും വായനയിലുടനീളം കടന്നുവരുന്നുണ്ട്.
സ്വന്തം ചെലവില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഒരു കോപ്പിക്ക് 500 രൂപയാണ് വിലയിട്ടിരിക്കുന്നതെങ്കിലും അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമേ പുസ്തകം നല്‍കുന്നുള്ളൂവെന്ന് ഭാനുമതി പറയുന്നു.
ചെറുകഥകളും കവിതകളുമൊക്കെ പഠിക്കുന്ന കാലത്ത് എഴുതിയിട്ടുണ്ടെങ്കിലും നോവല്‍ എഴുതുന്നത് ആദ്യമായിട്ടാണ്.
എഴുത്തിന്റെ മുന്നൊരുക്കവുമായി വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ കുറിപ്പുകള്‍ വെച്ച് 2021 ഫെബ്രുവരിയിലാണ് തമസ്‌കൃതര്‍ പൂര്‍ത്തീകരിച്ചത്.
അതേ വര്‍ഷം തന്നെ രണ്ടാംഭാഗമായ ക്രൂശിതയും പ്രസിദ്ധീകരിച്ചു.
2022 ജൂലായില്‍ ഉയിര്‍പ്പ്, ആഗസ്തില്‍ നാലാം ഭാഗമായ പ്രഹേളിക എന്നിവയും പ്രസിദ്ധീകരിച്ചു.
അഞ്ചാം ഭാഗത്തിന്റെ രചന ആരംഭിച്ച ഭാനുമതി ടീച്ചര്‍ 10 ഭാഗങ്ങള്‍ വരെ ഇത് നീണ്ടേക്കുമെന്നും പറയുന്നു.
നോവലിലെ കേന്ദ്രകഥാപാത്രമായ അശ്വതി താന്‍തന്നെയാണെന്നും മറ്റുകഥാപാത്രങ്ങള്‍ പലരും മരിച്ചവരോ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരോ ആണെന്നും ഇവര്‍ പറയുന്നു.
കുംഭകോണത്തുനിന്നും കേരളത്തിലേക്കുള്ള കുടിയേറ്റവും വിവിധ വിഭാഗങ്ങളായുള്ള വേര്‍പെടലുകളും പരമ്പരാഗത നിയമങ്ങളിലെ മനുഷ്യത്വരഹിതമായ സ്ത്രീവിരുദ്ധ കാഴ്ച്ചപ്പാടുകളുമൊക്കെ ഹൃദയസ്പര്‍ശിയായ രീതിയിലാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.
ഏതോ അജ്ഞാതശക്തി തന്നെക്കൊണ്ട് ഇതിന്റെ രചന നിര്‍വ്വഹിപ്പിക്കുന്നതായ അനുഭവമാണ് ഉണ്ടാകുന്നതെന്നും ഏറെ ആസ്വദിച്ചാണ് ഓരോ വരികളും എഴുതിയിട്ടുള്ളതെന്നും അവര്‍ പറഞ്ഞു.
വിലാസിനിയുടെ അവകാശികള്‍ വായിച്ചിട്ടില്ലെന്നും, വലിയ നോവല്‍ രചിക്കുക എന്നതല്ല, സത്യസന്ധമായ കുടുംബചരിത്രം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും ഭാനുമതി ടീച്ചര്‍ പറയുന്നു.
10 ഭാഗങ്ങളും പൂര്‍ത്തീകരിക്കപ്പെടുകയാണെങ്കില്‍ മലയാളത്തിലെ ഏറ്റവും വലിയ നോവല്‍ ഒരുപക്ഷെ, ഈ അധ്യാപികയുടേതായേക്കാം.