ശ്വാസകോശത്തിന് ചെറിയ തകരാറ്-പ്രായമായതിനാല്‍ കാര്യമാക്കുന്നില്ലെന്ന് എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ

തളിപ്പറമ്പ്: ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തില്‍ ചെറിയ ചില തകരാറുകള്‍ ബോധ്യപ്പെട്ടുവെന്നും, പ്രായമായി വരുന്നത് കൊണ്ട് അത്ര കാര്യമാക്കുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ എം.എല്‍.എ.

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയ എം.എല്‍എ പള്‍മനറി റിഹാബിലിറ്റേഷന്‍ യൂണിറ്റില്‍ പരിശോധന നടത്തിയ അനുഭവം വിവരിച്ചുകൊണ്ട് പറഞ്ഞു.

സംസ്ഥാനത്ത് കൊല്ലം താലൂക്ക് ആശുപത്രിയില്‍ മാത്രം നിലവിലുള്ള പള്‍മനറി ഫംങ്ഷന്‍ ടെസ്റ്റ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും ഏര്‍പ്പെടുത്തിയിരിക്കയാണ്.

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പള്‍മനറി റിഹാബിലിറ്റേഷന്‍ ക്ലിനിക്കില്‍ ശ്വാസകോശ പേശീ വ്യായമങ്ങള്‍,  ശ്വസന വ്യായാമങ്ങള്‍
ശ്വാസകോശ രോഗികള്‍ക്കുള്ള ഭക്ഷണക്രമം, കൗണ്‍സിലിങ്ങ്, ശ്വാസകോശ പ്രവര്‍ത്തനക്ഷമതാ പരിശോധന(പി.എഫ്.ടി) എന്നിവയടങ്ങിയ സംക്ഷിപ്ത സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇപ്പോള്‍ മാസത്തില്‍ രണ്ടുതവണ(രണ്ടാമത്തേയും നാലാമത്തേയും ചൊവ്വാഴ്ച്ചകളില്‍)യാണ് പി.എഫ്.ടി പരിശോധനകള്‍ നടക്കുക.

പരിശീലനം നേടിയ ടെക്‌നീഷ്യന്‍മാരെ ലഭിക്കുന്ന മുറയ്ക്ക് കൂടുതല്‍ ദിവസങ്ങളില്‍ പരിസോധന നടത്തും. നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നത്.