മെഡിക്കല്‍ കോളേജ്–സത്യാഗ്രഹസമരവുമായി എന്‍.ജി.ഒ അസോസിയേഷന്‍
പരിയാരം: തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണം, എന്‍.ജി.ഒ അസോസിയേഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍സത്യാഗ്രഹ സമരം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 12 ന് രാവിലെ 10 മുതലാണ് തിരുവനന്തപുരത്തെ ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത്.
മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് 2018 ഏപ്രില്‍ മാസം മുതല്‍ ലഭിച്ചുകൊണ്ടിരുന്ന 12 ശതമാനം ഡി.എ മാത്രമാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍ മേഖലയില്‍ 36 ശതമാനം ഡി.എ ലയിപ്പിച്ചുകൊണ്ടാണ് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയത.
മെഡിക്കല്‍ കോളേജ് ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയിട്ടില്ല.
സര്‍ക്കാര്‍ ഏറ്റെടുക്കുമ്പോള്‍ അതത് കാലത്തെ ആനുകൂല്യങ്ങളും ശമ്പളപരിഷ്‌ക്കരണവും സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും നാലരവര്‍ഷമായിട്ടും ഒന്നും അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ജീവനക്കാരുടെ ആഗിരണ പ്രക്രിയയുമായി ബന്ധപ്പെട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയിട്ട് മാസങ്ങള്‍ പലതു കഴിഞ്ഞെങ്കിലും തുടര്‍നടപടികളൊന്നും നടന്നിട്ടില്ല.
നാലരവര്‍ഷത്തെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചതിനാല്‍ ജീവനക്കാര്‍ ആത്മഹത്യയുടെ വക്കിലാണിപ്പോള്‍.
ഈ സാഹചര്യത്തിലാണ് തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക,
ജീവനക്കാരെ രണ്ടുതട്ടിലാക്കുന്ന ഓപ്ഷന്‍ നടപടി പുന:പരിശോധിക്കുക എന്നീ ആവശ്യങ്ങളുമായി ഗാന്ധിയന്‍ രീതിയിലുള്ള സമരത്തിനിറങ്ങുന്നത്.
സത്യാഗ്രഹസമരം എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ പി.ഐ.ശ്രീധരന്‍, യു.കെ.മനോഹരന്‍, കെ.വി.ദിലീപ്കുമാര്‍, ടി.വി.ഷാജി, ഒ.വി.സീന എന്നിവര്‍ പങ്കെടുത്തു.