വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമരം: ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു.19 ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടക്കും.

കണ്ണൂര്‍: വിഴിഞ്ഞം അദാനി തുറമുഖം നിര്‍മ്മാണം നിര്‍ത്തിവെച്ച് അതുണ്ടാക്കിയ ആഘാതങ്ങള്‍ വിദഗ്ധ സമിതിയെ നിയോഗിച്ച്

പഠിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞത്തു നടക്കുന്ന സമരത്തെ പിന്തുണക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു.

കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന യോഗം വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഫാ.ക്ലാരന്‍സ് പാലിയത്ത് ഉദ്ഘാടനം ചെയ്തു.

കോര്‍പ്പറേറ്റ് വത്കരണം ശക്തിപ്പെടുമ്പോള്‍ ജനങ്ങള്‍ പാപ്പരാകുന്ന വികസനമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നും കടല്‍നാശം മത്സ്യസമ്പത്തിന്റെ നാശത്തിലൂടെ ഭക്ഷ്യ സുരക്ഷയെയടക്കം ബാധിക്കുന്നതായാണ് ലോക പട്ടിണി പട്ടികയില്‍ 107-ാം ാനത്തേക്ക് ഇന്ത്യ പിന്തള്ളപ്പെട്ടത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യസമ്പത്ത് സംരക്ഷിക്കാനും മത്സ്യത്തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടാതിരിക്കാനുമാണ് വിഴിഞ്ഞത്ത് സമരം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ.ലാബറില്‍ യേശുദാസ് സമര വിശദീകരണം നടത്തി.

സംസ്ഥാനത്തെ 14 കലക്ടറേറ്റുകള്‍ക്കു മുന്നിലും 19 ന് ബഹുജന ധര്‍ണ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.

യോഗത്തില്‍ ആന്റണി നെറോണ, ഡോ.ഡി.സുരേന്ദ്രനാഥ്, എന്‍.സുബ്രഹ്മണ്യന്‍, സാദിഖ് ഉളിയില്‍, ഫാ.മാര്‍ട്ടിന്‍ രായപ്പന്‍,

അഡ്വ. ബിനോയ് തോമസ്, അഡ്വ.കസ്തുരി ദേവന്‍, അഡ്വ.വിനോദ് പയ്യട, രതീഷ് ആന്റണി കെ.പി.ചന്ദ്രാംഗദന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഡോ.ഡി.സുരേന്ദ്രനാഥ് ചെയര്‍മാനും ആന്റണി നൊറോണ കണ്‍വീനറുമായി വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാര്‍ഢ്യസമിതിയുടെ കണ്ണൂര്‍ ജില്ല കമ്മറ്റി രൂപീകരിച്ചു.

19 ന് കണ്ണൂര്‍ കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും നടക്കും.