തളിപ്പറമ്പ് ദേശീയപാതയിലെ അനധികൃത പാര്‍ക്കിംഗ്–ഒക്ടോബര്‍ 20 മുതല്‍ പണികിട്ടും-ക്രെയിന്‍ റെഡിയാക്കി പോലീസ്-

തളിപ്പറമ്പ്: ദേശീയപാതയില്‍ പാര്‍ക്കിംഗ് കര്‍ശനമായി തടയാന്‍ ഇന്ന് പോലീസ് വിളിച്ചുചേര്‍ത്ത ട്രാഫിക് പരിഷ്‌ക്കാരം സംബന്ധിച്ച യോഗം തീരുമാനിച്ചു.

ഒക്ടോബര്‍ 20 മുതല്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യും. ഇത് കൂടാതെ മറ്റ് പതിനൊന്നോളം തീരുമാനങ്ങളും നടപ്പിലാക്കും.

റിക്രിയേഷന്‍ ക്ലബ് ഹാളില്‍ നടന്ന യോഗം തളിപ്പറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്തു.

വ്യാപാരികള്‍, ബസ്-ഒട്ടോറിക്ഷ ജീവനക്കാര്‍, തൊഴിലാളി സംഘടനകള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.

തളിപ്പറമ്പ് നഗരത്തില്‍ അടിയന്തിരമായി നടപ്പിലാക്കേണ്ട ഗതാഗത പരിഷ്‌കരണം സംബന്ധിച്ച് നിരവധി നിര്‍ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു വന്നു. 

ചിറവക്കിലും മന്നയിലും ബസ്‌ബേകള്‍ നിര്‍മ്മിക്കാനും നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു. ഗവണ്‍മെന്റ് താലൂക്ക് ആശുപത്രി പരിസരത്തെ നേര്‍ക്കുനേര്‍ നില്‍ക്കുന്ന ബസ്റ്റോപ്പുകള്‍ മാറ്റി സ്ഥാപിക്കാനും നടപടികള്‍ കൈക്കൊള്ളും.

ദേശീയപാത കൂടാതെ മറ്റ് സ്ഥലങ്ങളിലെ അനധികൃത പാര്‍ക്കിംഗിനെതിരെയും നടപടികള്‍ സ്വീകരിക്കും.

ആദ്യത്തെ അഞ്ച് ദിവസം ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കും.

ഒക്ടോബര്‍ 10 മുതല്‍ അനധികൃത പാര്‍ക്കിങ് നടത്തുന്ന വാഹനങ്ങള്‍ക്ക് മേല്‍ സ്റ്റിക്കര്‍ പതിച്ച് പിഴ ഈടാക്കിത്തുടങ്ങും.

20 മുതല്‍ അനധികൃത പാര്‍ക്കിങ് നടത്തുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കാന്‍ തീരുമാനിച്ചതായും തളിപ്പറമ്പ് സി.ഐ. എ.വി.ദിനേശന്‍ പറഞ്ഞു.

എസ്.ഐ:പി.സി.സഞ്ജയ്കുമാര്‍, ട്രാഫിക് എസ്.ഐ. പി.വി. വിനോദ് എന്നിവരും പങ്കെടുത്തു.