ആലക്കോട് സുഹൃത്തിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: ഒരുമിച്ച് അടക്കാഗോഡൗണില്‍ ജോലി ചെയ്തുവരുന്ന സുഹൃത്തകള്‍ തമ്മിലുള്ള കലഹം കൊലയില്‍ കലാശിച്ച സംഭവത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും.
തലശേരി നാലാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം.മുഹമ്മദ് റയീസാണ് വിധി പ്രസ്താവിച്ചത്.
ഇരുപതിനായിരം രൂപയാണ് പിഴ വിധിച്ചത്. ആലക്കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വെള്ളാട് ആനക്കുഴിയില്‍ പി.കെ.നെത്തീഫ് എന്ന ഷെരീഫ് (58) നെയാണ് കോടതി ശിക്ഷിച്ചത്.
ആനക്കുഴിയില്‍ പുത്തന്‍പുരയില്‍ ജെയിംസിന്റെ അടക്കാഗോഡൗണില്‍ വെച്ച് അടക്ക പൊളിച്ചു കൊണ്ടിരിക്കുകയായിരുന്ന ആനക്കുഴി സ്വദേശി കുഴക്കല്‍ വീട്ടില്‍ അബ്ദുള്ള (35)യെ പ്രതി അടക്ക പൊളിക്കുന്ന കത്തികൊണ്ട് നെഞ്ചില്‍ കുത്തി കൊലപ്പെടുത്തി എന്നാണ് പോലീസ് കേസ്.
2005 മെയ് 20ന് പകല്‍പന്ത്രണ്ടരയോടെയാണ് കേസിന്നാസ്പദമായ സംഭവം. ഗോഡൗണില്‍ പാചകം ചെയ്യുന്ന സാധനങ്ങള്‍ വാങ്ങിയത് സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.
പോലീസ് സര്‍ജന്‍ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, കേസന്വേഷണം നടത്തിയ പോലീസ് ഓഫീസര്‍മാരായ കെ.വി.രഘുനാഥ്, വി.കെ.പ്രഭാകരന്‍, കെ.സന്തോഷ് കുമാര്‍ തുടങ്ങി ഇരുപത് സാക്ഷികളെയാണ് പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചിട്ടുള്ളത്.
പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ.പ്ലീഡര്‍ അഡ്വ.പി.അജയകുമാര്‍ ഹാജരായി. പ്രതി പിഴ അടക്കുന്നില്ലെങ്കില്‍ പത്ത് മാസം തടവ് കൂടുതല്‍ അനുഭവിക്കണമെന്നും കോടതി ഉത്തരവായിട്ടുണ്ട്.