ളാവില്‍ ശിവക്ഷേത്രം-രക്ഷകരെ തേടുന്നു.

തളിപ്പറമ്പ്: അറുന്നൂറ് വര്‍ഷം പഴക്കമുള്ള ളാവില്‍ ശിവക്ഷേത്രം രക്ഷകരെ തേടുന്നു.

ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട തേര്‍ളായി ദ്വീപിലെ മോലോത്തുംകുന്ന് എന്നറിയപ്പെടുന്ന ദ്വീപിലെ ഏറ്റവും ഉയര്‍ന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നതാണ് ക്ഷേത്രം.

തെക്കു കിഴക്കു ഭാഗത്ത് വളപട്ടണംപുഴ ചുറ്റി ഒഴുകുന്നു. ഒരു ദ്വീപില്‍ ഇത്തരത്തിലൊരു ശിവക്ഷേത്രം ചിലപ്പോള്‍ ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമായിരിക്കും.

കരിങ്കല്‍ ശില്‍പ്പങ്ങള്‍ ഗതകാല ശില്‍പ്പകലയുടെ പ്രൗഡി വിളിച്ചറിയിക്കുന്നു.

കുന്നിന്‍ മുകളില്‍ നിന്നും പുഴയുടെ അടിത്തട്ട് വരെ തൊടുന്ന വിധത്തില്‍ ആഴമേറെയുള്ളതാണ് ഇവിടുത്തെ മണിക്കിണര്‍.

പ്രശാന്ത സുന്ദരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പുനരുദ്ധരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.

വിശ്വാസികള്‍ക്ക് വേണ്ടി മാത്രമല്ല; ചരിത്രത്തിലും പുരാവസ്തു ശാസ്ത്രത്തിലും തല്‍പ്പരരായവര്‍ക്ക് കൂടി വേണ്ടി ക്ഷേത്രം പുനരുദ്ധരിക്കപ്പെടണം.

വിദൂരസ്ഥലങ്ങളില്‍ നിന്നും മോലോത്തുംകുന്ന് കയറി വരുന്ന സഞ്ചാരികള്‍ക്ക് വേണ്ടി. 99 ശതമാനവും മുസ്ലിം മതവിശ്വാസികള്‍ താമസിക്കുന്ന ദ്വീപില്‍ ഈ ക്ഷേത്രം മതേതരത്വത്തിന്റെ ഒരു പ്രതീകം കൂടിയാണ്.

സഹവര്‍ത്തിത്വത്തിന്റേയും സഹജീവി സ്‌നേഹത്തിന്റേയും വേറിട്ടുനില്‍ക്കുന്ന കഥകള്‍ ഈ പ്രദേശത്തിന് പറയാനുണ്ട്.

മുസ്ലീം ഭൂരിപക്ഷ പ്രദേശമാണെങ്കിലും ജനകീയ കൂട്ടായ്മയിലാണ് ളാവില്‍ ശിവ ക്ഷേത്രത്തിലേക്കുള്ള റോഡ് മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ചത്.

പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തീകരിച്ചാല്‍, ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന മലബാര്‍ മേഖലയിലെ ഒരു പ്രധാന പൗരാണിക ക്ഷേത്രമാവും ളാവില്‍ ശിവക്ഷേത്രം.

ഇപ്പോള്‍ നിത്യപൂജയുണ്ടെങ്കിലും ദ്വീപില്‍ കേവലം നാല് ഹിന്ദുകുടുംബങ്ങള്‍ മാത്രമായതിനാല്‍ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികളുടെ എണ്ണം വളരെ കുറവാണ്.

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ഉള്‍പ്പെടുന്ന ക്ഷേത്രം പുനരുദ്ധരിക്കണമെന്ന ആവശ്യം ശക്തമാണ്.