കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു-

തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭന്‍ തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 9 ന് കല്ലിങ്കീലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

തന്നെ ഒരു വിഭാഗം കോണ്‍ഗ്രസുകാരും വിവരാവകാശ മാഫിയയില്‍ പെട്ട ചിലരും നിരന്തരം വേട്ടയാടിയതായി കല്ലിങ്കീല്‍ ആരോപിച്ചു.

ബാങ്കില്‍ ഒരു കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്നും നിയമനങ്ങളില്‍ ക്രമക്കേട് നടന്നുവെന്നുമുള്ള എതിരാളികളുടെ ആരോപണങ്ങളില്‍ ഒരു വിധത്തിലുള്ള സത്യവുമില്ലെന്നും ഇക്കാര്യം

ഒക്ടോബര്‍ 11 ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതാണെന്നും കല്ലിങ്കീല്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു.

ഡി.സി.സി.പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജും മുന്‍ പ്രസിഡന്റ് സതീശന്‍ പാച്ചേനിയും 9 ന് കണ്ണൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബാങ്കിനെതിരെ അഴിമതി ആരോപിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് അസി.രജിസ്ട്രാര്‍ പി.പി.സുനിലന്റെ നേതൃത്വത്തില്‍ സഹകരണ വകുപ്പ് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ബാങ്കില്‍ പരിശോധന നടത്തിയത്.

ഈ പരിശോധനയില്‍ ഒരു വിധത്തിലുള്ള ക്രമക്കേടുകളും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കിയെന്നും കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.

തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കൂടിയായ കല്ലിങ്കീല്‍ പത്മനാഭനെ ആ സ്ഥാനത്ത് നിന്നുകൂടി നീക്കംചെയ്യാന്‍ യു.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നീക്കം തുടരുന്നതിനിടയിലാണ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപനം.

കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ ഉള്‍പ്പെടെയുള്ളവരും ഡി.സി.സി.നേതൃത്വവും പ്രസിഡന്റ് സ്ഥാനവും ബാങ്കിന്റെ ഡയരക്ടര്‍ സ്ഥാനവും ഒഴിയാന്‍ കല്ലിങ്കീലിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം നിരാകരിച്ചുകയായിരുന്നു.

മാസങ്ങളായി തുടര്‍ന്നുവരുന്ന വാക്തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷമാണ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത്, എന്നാല്‍ ഡയരക്ടര്‍ സ്ഥാനത്ത് തുടരുമെന്ന് കല്ലിങ്കീല്‍ പറഞ്ഞു.

കഴിഞ്ഞ 18 വര്‍ഷമായി തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് കല്ലിങ്കീല്‍ പത്മനാഭന്‍.

2018 ല്‍ നടന്ന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കല്ലിങ്കീലിനെതിരെ ഒരു വിഭാഗത്തിന്റെ നീക്കം ശക്തമായത്.

കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയായിരുന്ന അഡ്വ.വിനോദ് രാഘവനെ ഡയരക്ടറാക്കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് അദ്ദേഹം മല്‍സരരംഗത്തിറങ്ങിയോതടെയാണ് ബാങ്ക് ഭരണസമിതിയിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് നടന്നത്.

ഇതിന്റെ തുടര്‍ച്ചയായി കല്ലിങ്കീലിനെ നിരന്തരം പ്രശ്‌നങ്ങള്‍ വേട്ടയാടുകയായിരുന്നു. 2020 ല്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും അഡ്വ.വിനോദ് രാഘവന്‍ കല്ലിങ്കീലിനെതിരെ മല്‍സര രംഗത്തിറങ്ങിയെങ്കിലും 3 വോട്ടിന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ബാങ്കിലേക്ക് ഒരു മേശ വാങ്ങിയാല്‍ പോലും വിവരാവകാശ അപേക്ഷയുമായി വരുന്നവര്‍ കടുത്ത പ്രതിസന്ധികളാണ് സൃഷ്ടിച്ചതെന്നും കല്ലിങ്കീല്‍ ആരോപിച്ചു.

തന്റെ ശരീരത്തിലൂടെ ഓടുന്നത് കോണ്‍ഗ്രസ് രക്തമാണെന്നും ഒരു കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും കല്ലിങ്കീല്‍ പത്മനാഭന്‍ പറഞ്ഞു.