മെഡിക്കല്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ ഇനി ഹെലികോപ്റ്റര്‍ ഇറങ്ങില്ല, എട്ടാംനിലയെ രക്ഷിക്കാന്‍ മേല്‍ക്കൂരപ്പണി തകൃതിയായി.

 

പുതിയ ആശുപത്രി കെട്ടിടം തന്നെ വേണമെന്ന വാദവും ശക്തം.

പരിയാരം: ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ ഹെലിപ്പാഡ് ഉള്‍പ്പെടെ വിഭാവനം ചെയ്യപ്പെട്ട പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഇനിയൊരിക്കലും അത്തരമൊരു സ്വപ്നം പേരിന് പോലും ഉണ്ടാവില്ല.

രോഗിയുമായി എത്തുന്ന ഹെലികോപ്റ്റര്‍ ഇറങ്ങേണ്ട എട്ടാം നിലക്ക് മുകളില്‍ ചോര്‍ച്ചയെ പ്രതിരോധിക്കാനുള്ള മേല്‍ക്കൂരയുടെ പണി തകൃതിയായി നടക്കുന്നു.

1946 ല്‍ ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ നിര്‍മ്മിച്ച ടി.ബി സാനിട്ടോറിയം കെട്ടിടങ്ങള്‍ കാലത്തെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുമ്പോഴാണ് കാല്‍ നൂറ്റാണ്ട് മാത്രം പിന്നിട്ട കെട്ടിടം തകര്‍ച്ചയെ നേരിടുന്നത്.

1996 ജനുവരി 3 നാണ് അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി എ.ആര്‍.ആന്തുലെ ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

നവീകരണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് എട്ടാംനിലയിലെ അപകടാവസ്ഥ എഞ്ചിനീയറിംഗ് വിഭാഗം മനസിലാക്കിയത്.

എട്ടാം നിലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാനാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ പ്രധാന കെട്ടിടത്തിന് മുകളില്‍ മേല്‍പ്പുര ഒരുങ്ങുന്നത്.

ഉദ്ഘാടനം കഴിഞ്ഞ് 26 വര്‍ഷം പൂര്‍ത്തീകരിച്ച മെഡിക്കല്‍ കോളേജില്‍ 35 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

പ്രധാന കെട്ടിടത്തിന്റെ എട്ടാം നിലയില്‍ ചോര്‍ച്ച കാരണം വാര്‍ഡുകളുടെ അവസ്ഥ ശോചനീയമായിട്ട് വര്‍ഷങ്ങളായി.

എണ്‍പത് മുറികളും വാര്‍ഡുകളുമുള്ള എട്ടാം നിലയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് നവീകരണ പ്രവര്‍ത്തികളുടെ ഫണ്ട് ഉപയോഗിച്ച് മുകള്‍ഭാഗത്ത് പൂര്‍ണമായും ഷീറ്റിട്ട് മഴവെള്ളം താഴേക്ക് പതിക്കുന്നത് തടയാനുള്ള ശ്രമം നടക്കുന്നത്.

കഴിഞ്ഞ ഒരു മാസക്കാലമായി ഇതിന്റെ പ്രവൃത്തികള്‍ നടന്നുവരികയാണ്.

ഇരുമ്പ് ഗര്‍ഡറുകള്‍ എട്ടാംനിലക്ക് മുകളിലെത്തിച്ച് കെട്ടിടത്തിന്റെ താഴേക്ക് വായു പ്രവഹിക്കാനായി സ്ഥാപിച്ച് സ്തംഭത്തെ പൂര്‍ണമായും മൂടിയാണ് മേല്‍പ്പുര സ്ഥാപിക്കുന്നത്.

എല്‍ ആന്റ് ടി കണ്‍സ്ട്രക്ഷന്‍സ് നിര്‍മ്മിച്ച കേന്ദ്രീകൃത രീതിയിലുള്ള കെട്ടിടത്തിന്റെ എല്ലാ നിലകളിലേക്കും കാറ്റും വെളിച്ചവും മുകളില്‍ നിന്ന് താഴേക്ക് എത്തുന്ന രീതിയിലുള്ളതാണ് സ്തംഭം.

നിര്‍മ്മാണത്തിലെ ചില അപാകതകള്‍ കാരണമാണ് മഴവെള്ളം ഒലിച്ചിറങ്ങി കോണ്‍ക്രീറ്റിലെ ഇരുമ്പ് കമ്പികള്‍ ഉള്‍പ്പെടെ തുരുമ്പിച്ച് നശിച്ചത്.

കെട്ടിടത്തിനെ മുഴുവന്‍ ബാധിക്കുന്ന രീതിയിലേക്ക് ഇത് മാറുന്നത് തടയാനുള്ള അവസാന ശ്രമമെന്ന നിലക്കാണ് മുകള്‍ഭാഗം പൂര്‍ണമായും മൂടുന്നത്.

26 വര്‍ഷങ്ങള്‍ കൊണ്ടു തന്നെ പ്രധാന കെട്ടിടത്തില്‍ ചോര്‍ച്ച വന്നതിനാല്‍ 140 ഏക്കര്‍ വിസ്തൃതിയുള്ള കാമ്പസിനകത്ത്

പുതിയ ആശുപത്രി കെട്ടിടം തന്നെ സ്ഥാപിക്കേണ്ടതിനെ കുറിച്ച് ആലോചിക്കേണ്ട സമയമായെന്നാണ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ തന്നെ ഉന്നതര്‍ പറയുന്നത്.