Skip to content
മാതമംഗലം: തിമിരി പ്രജിത്ത്പണിക്കര് കനലാളുന്ന അഗ്നികുണ്ഡത്തിലേക്ക് നടത്തിയ പകര്‍ന്നാട്ടം ആയിരങ്ങളെ ഭക്തിയുടെയും അല്‍ഭുതത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തി.
വിഷ്ണുമൂര്‍ത്തിയായ തീച്ചാമുണ്ടി ഹിരണ്യകശിപുവിനെ ത്രിസന്ധ്യയില്‍ നെഞ്ചുകീറി കുടല്‍മാല പുറത്തിട്ടു നിഗ്രഹിച്ച സാക്ഷാല്‍ നരസിംഹമൂര്ത്തിയേയാണ് കെട്ടിയാടുന്നത്.
ഹിരണ്യ കശ്ശിപുവിനെ നിഗ്രഹിച്ച നേരം ഈരേഴുപതിനാല് ലോകങ്ങളും ആനന്ദ നടനമാടി. ദേവകള്‍ പുഷ്പവൃഷ്ടി നടത്തി.
എന്നാല്‍ അഗ്നിദേവന് മാത്രം ഇത് അത്ര സഹിച്ചില്ല. ഇതൊന്നും വല്യ കാര്യമല്ല എന്ന മട്ടില്‍ ദേവന് മാറി നിന്നു.
അഗ്നിദേവന്റെ അഹംഭാവം മാറ്റാന്‍ ഭഗവന്‍ വൈകുണ്ഡനാഥന്‍ മാനംമുട്ടെ ഉയരെയുള്ള ഹോമകുണ്ഡത്തിലേക്കെടുത്തു ചാടിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് അഹങ്കാരിയായ അഗ്നിയെ മര്‍ദ്ദിച്ച് കീഴ്പ്പെടുത്തുന്നതാണ് തീച്ചാമുണ്ടിയാട്ടം അനുസ്മരിപ്പിക്കുന്നത്.
ഒടുവില്‍ ഹോമകുണ്ഡത്തെ ഒരുപിടി ചാരമാക്കി മാറ്റി ഭഗവാന് വൈകുണ്ഡനാഥന്‍ ഭക്തജനങ്ങളെ അനുഗ്രഹിച്ചു.
ഭഗവാന്റെ ഈ സ്വരൂപമാണ് തീച്ചാമുണ്ഡി ആയി കെട്ടിയാടുന്നത്.
ഇന്ന് പുലര്‍ച്ചെ ആറോടെ മാതമംഗലം പുനിയങ്കോട്ടെ നീലിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ നടന്ന തീച്ചാമുണ്ഡിയെ ദര്‍ശിക്കാന്‍
ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. കോലധാരി പ്രജിത്ത് പണിക്കര്‍ ഇത്തവണ 57 തവണയാണ് തീയിലേക്ക് ചാടിയത്.