താലൂക്ക് വികസന സമിതി അംഗമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വികസനസമിതി തീരുമാനത്തെ ധിക്കരിക്കുന്നത് വിവാദമാകുന്നു.

തളിപ്പറമ്പ്: താലൂക്ക് വികസനസമിതിയിലെ അംഗം വികസനസമിതിയുടെ ഏകകണ്ഠമായ തീരുമാനം അനുസരിക്കാതെ അതിന് എതിരായി പ്രവര്‍ത്തിക്കുന്നത് വിവാദമായി.

തളിപ്പറമ്പ് താലൂക്ക് വികസനസമിതി അംഗമായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണനാണ് വികസനസമിതി ഏകകണ്ഠമായി എടുത്ത തീരുമാനം നടപ്പിലാക്കാതിരിക്കുന്നത് കൂടാതെ അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്.

വീടിന് സമീപം അമിതമായ ഉയരത്തില്‍ സുരക്ഷ പാലിക്കാതെ മതില്‍ നിര്‍മ്മിച്ച ബ്ലോക്ക് പഞ്ചായത്തിനെതിരെയാണ് വീട്ടുടമ വികസനസമിതിക്ക് പരാതി നല്‍കിയിരുന്നത്.

ഈ മതില്‍ വീട്ടിലേക്ക് കാറ്റുംവെളിച്ചവും കടക്കുന്നതിനെ തടസപ്പെടുത്തുന്നതായി വികസനസമിതിക്ക് ബോധ്യപ്പെട്ടിരുന്നു.

സ്ഥലംപരിശോധിച്ച വികസനസമിതി കണ്‍വീനറായ തഹസില്‍ദാറും നഗരസഭാ വൈസ് ചെയര്‍മാനും ഒരുവരി കല്ല് എടുത്തുമാറ്റാന്‍ നിര്‍ദ്ദേശിക്കുന്ന തീരുമാനം ഫിബ്രവരി 4 ന് ചേര്‍ന്ന വികസനസമിതിയില്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഈ ഉത്തരവ് പുറത്തുവന്നിട്ടും അത് നടപ്പിലാക്കാതെ സിമന്റ് കൊണ്ട് മതില്‍ പ്ലാസ്റ്ററിംഗ് നടത്താനാണ് സമിതി അംഗമായ സി.എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ശ്രമിക്കുന്നതാണ് വിവാദമായിരിക്കുന്നത്.

പൊതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും യഥാസമയം പരിശോധിച്ച് കാലവിളംബം കൂടാകെ അവയ്ക്ക് പരിഹാരം കാണുന്നതിനും ഭരണനേട്ടങ്ങള്‍ യഥാസമയം ജനങ്ങളില്‍ എത്തിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് സംസ്ഥാനത്ത് താലൂക്ക് വികസന സമിതികള്‍ രൂപീകരിച്ചുകൊണ്ട് 2006 നവംബര്‍ 22 ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രദേശത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഈ വികസനസമിതിയില്‍ അംഗമായ ഒരു ജനപ്രതിനിധിയാണ്.

എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച്ച യോഗം ചേരുന്ന വികസനസമിതിയില്‍ നിരവധി പരാതികള്‍ക്ക് പരിഹാരം കാണുന്നുണ്ട്.

താന്‍ അംഗമായ വികസനസമിതി ഏകകണ്ഠമായി നിര്‍ദ്ദേശിച്ച തീരുമാനം നടപ്പിലാക്കില്ലെന്ന അംഗത്തിന്റെ സമീപനം അതീവഗുരുതരമാണെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന.

സത്യപ്രതിജ്ഞാലംഘനംകൂടിയാണ് ഈ നടപടിയെന്ന വാദവും ശക്തമാകുന്നുണ്ട്.